‘പറയാനുള്ളത് എവിടെയും പറയും’: പൊതുവേദിയിൽ ജി. സുധാകരനും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം
അമ്പലപ്പുഴ: പൊതുപരിപാടിയിൽ രാഷ്ട്രീയം സംസാരിച്ചെന്ന് ആരോപിച്ച് ജി. സുധാകരൻ എംഎൽഎയ്ക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. തോട്ടപ്പള്ളി പുതുവനച്ചിറയിൽ മലയിൽതോട് തെക്ക് പാടശേഖരത്തിന്റെ കല്ലുകെട്ട് ഉദ്ഘാടനവേദിയിലാണ് സംഭവം. വേദിയറിഞ്ഞ് സംസാരിക്കണമെന്ന സിപിഎം പഞ്ചായത്തംഗത്തിന്റെ പരാമർശത്തിന്, പറയാനുള്ളത് എവിടെയും പറയുമെന്ന് സുധാകരൻ മറുപടി നൽകി.
നീർക്കുന്നം സ്കൂളിൽ മണൽകടത്തൽ പരാതി അന്വേഷിക്കാനെത്തിയപ്പോൾ സിപിഎം നേതാവ് എസ്. ഹാരിസുമായി ഉണ്ടായ വാക്കേറ്റത്തെക്കുറിച്ച് സുധാകരൻ പ്രസംഗത്തിൽ പരാമർശിച്ചതാണ് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിച്ചത്. സദസ്സിലുണ്ടായിരുന്ന പുറക്കാട് ഗ്രാമപ്പഞ്ചായത്തംഗം ആർ. ഉണ്ണി ഇതിനെതിരെ രംഗത്തുവന്നതോടെ തർക്കമുണ്ടായി. പാർട്ടി നന്നാകണമെന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഇതൊക്കെ പറയുന്നതെന്ന് സുധാകരൻ വ്യക്തമാക്കി.
പ്രതിഷേധം സിപിഎം. ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ ആഹ്വാനപ്രകാരമാണെന്ന് സുധാകരൻ പിന്നീട് ആരോപിച്ചു. എന്നാൽ പൊതുവേദിയിൽ രാഷ്ട്രീയം പറയുന്നതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നും, ഇത്തരം വേദികളിൽ പാർട്ടിയംഗങ്ങൾ ചോദ്യം ചെയ്യണമെന്നും സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി സി. ഷാംജി പ്രതികരിച്ചു. തർക്കങ്ങൾക്കൊടുവിൽ ഉദ്ഘാടനം നിർവഹിച്ച ശേഷമാണ് എംഎൽഎ മടങ്ങിയത്.