21/07/2026
[fontresizer_tawhidurrahmandear_widget]

എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി; നാലു ഇൻഫ്ലുവൻസർമാർക്കെതിരെ കേസ്

 എഥനോള്‍ വിവാദത്തില്‍ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന് പരാതി; നാലു ഇൻഫ്ലുവൻസർമാർക്കെതിരെ കേസ്

ന്യൂഡൽഹി: ഇ20 എഥനോൾ ഇന്ധന നയവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിയെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് നാല് പ്രമുഖ ഇൻഫ്ലുവൻസർമാർക്കെതിരെ പോലീസ് കേസെടുത്തു. വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ യൂട്യൂബർ മനീഷ് കശ്യപ് ഉൾപ്പെടെയുള്ളവർക്കെതിരെ മഹാരാഷ്ട്രയിലെ നാഗ്‌പൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബിഹാറിൽനിന്നുള്ള പ്രമുഖ യുട്യൂബറായ മനീഷ് കശ്യപിനെ കൂടാതെ ദേശി ബോയ്‌സ് എൻ.സി.ആർ, ഹർഷിത് രതി, അങ്കലേഷ് ഇൻവതെ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള മറ്റുള്ളവർ. ബി.ജെ.പിയുടെ നാഗ്‌പൂർ സോഷ്യൽ മീഡിയ സെൽ മേധാവി ശിഷിർ ത്രിപാദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നിയമനടപടി. ഇ20 ഇന്ധനത്തെക്കുറിച്ച് വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്ന വിഡിയോകൾ നിർമ്മിച്ച് ജനങ്ങളിൽ വലിയ രീതിയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ വിശ്വാസ്യത തകർക്കാനും ഇവർ ബോധപൂർവം ശ്രമിച്ചെന്നാണ് പ്രധാന ആരോപണം. എഥനോൾ ഉപയോഗത്തിന്റെ മറവിൽ വൻ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് വാദിച്ച് യൂട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ ഇവർ വീഡിയോകൾ പ്രചരിപ്പിച്ചതായി പൊലീസ് വ്യക്തമാക്കി.

എഥനോൾ നയത്തിന്റെ പേരിൽ നിയമലംഘനം നടക്കുന്നുണ്ടെന്ന് ആരോപിച്ച ഇൻഫ്ലുവൻസർമാർ, ഗഡ്കരിയുടെ പദ്ധതികളെ മനപൂർവം തെറ്റായി ചിത്രീകരിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കൂടുതൽ കാഴ്ചക്കാരെ (Views) നേടുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഉള്ളടക്കം തയ്യാറാക്കിയതെന്നും, ചില വിഡിയോകളിൽ സാധാരണക്കാരുടെ പ്രതികരണമെന്ന വ്യാജേന എഡിറ്റ് ചെയ്ത ദൃശ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന അഭിമുഖങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച സൈബർ പോലീസ് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചു വരികയാണ്.

അതേസമയം, എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ ഗുണനിലവാരത്തെയും മൈലേജിനെയും ചൊല്ലി സമൂഹത്തിൽ വലിയ ചർച്ചകൾ ഉയരുന്നതിനിടെ ഇ20 ഇന്ധനത്തെ ന്യായീകരിച്ച് നിതിൻ ഗഡ്കരി തന്നെ രംഗത്തെത്തിയിരുന്നു. ഒരു സാധാരണ കാർ ഉടമക്ക് വാഹനത്തിന്റെ മൈലേജ് സ്വന്തമായി കൃത്യമായി കണക്കാക്കാൻ സാധിക്കില്ലെന്നും, അത് അംഗീകൃത ഡീലർഷിപ്പുകൾ നടത്തുന്ന ശാസ്ത്രീയമായ പരിശോധനകളിലൂടെ മാത്രമേ അളക്കാൻ കഴിയൂ എന്നുമാണ് ഗഡ്‌കരി വ്യക്തമാക്കിയത്.

കാറിനുള്ളിൽ ഇ20 ഇന്ധനം ഉപയോഗിക്കാൻ തുടങ്ങിയതോടെ നഗരയാത്രകളിൽ വാഹനത്തിന്റെ മൈലേജ് കുറഞ്ഞുവെന്ന മാധ്യമപ്രവർത്തകയുടെ പരാമർശത്തോടായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം. ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വഴി ചില വാഹനങ്ങളുടെ മൈലേജിൽ മൂന്ന് മുതൽ അഞ്ച് ശതമാനം വരെ കുറവുണ്ടാകാൻ സാധ്യതയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഇന്ധന നയത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്ന നിലപാടാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്.

Also read: