21/07/2026
[fontresizer_tawhidurrahmandear_widget]

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി

 ‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ബിഷ്ണോയ് സംഘത്തിന്റെ വധഭീഷണി

മുംബൈ: ബോളിവുഡ് താരം ആമിർ ഖാന് നേരെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ വധഭീഷണി. അറുപതാം വയസ്സിൽ താരം മൂന്നാം തവണയും വിവാഹിതനായതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ വഴി ഭീഷണി സന്ദേശം പുറത്തുവന്നത്. ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അർസൂ ബിഷ്‌ണോയി, ടൈസൺ ബിഷ്ണോയ് എന്നിവർ ചേർന്നാണ് സന്ദേശം നൽകിയിരിക്കുന്നത്.

ആമിർ ഖാൻ രാജ്യത്ത് ‘ലവ് ജിഹാദ്’ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇത് സനാതന ധർമത്തിനും രാജ്യത്തിൻ്റെ സംസ്‌കാരത്തിനും വിരുദ്ധമാണെന്നും ബിഷ്ണോയ് സംഘം സോഷ്യൽ മീഡിയ പോസ്റ്റിൽ ആരോപിക്കുന്നു. താരത്തെ ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും ഇത്തരം പ്രവർത്തികൾക്ക് അദ്ദേഹം ഉടൻ തന്നെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. താരപദവി ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നവരെ തങ്ങളുടേതായ രീതിയിൽ നേരിട്ട് നിശ്ശബ്ദരാക്കുമെന്നും ഇവർ പറയുന്നു. കഴിഞ്ഞ മാസം രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു പെൺകുട്ടിക്ക് നേരെ നടന്ന അക്രമത്തെക്കുറിച്ചും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള താക്കീതും പോസ്റ്റിലുണ്ട്.

ഭീഷണിയെക്കുറിച്ച് വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കിലെ പോസ്റ്റും ഒരു ശബ്ദസന്ദേശവും വഴിയാണ് പോലീസിന് വിവരം ലഭിച്ചത്. എന്നാൽ, ആമിർ ഖാനിൽ നിന്നോ അദ്ദേഹത്തിൻ്റെ ടീമിൽ നിന്നോ ഇതുവരെ ഔദ്യോഗികമായി പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.

ബോളിവുഡ് താരം സൽമാൻ ഖാനെതിരെ വർഷങ്ങളായി വധഭീഷണി മുഴക്കുന്നവരാണ് ലോറൻസ് ബിഷ്‌ണോയ് സംഘം. സൽമാൻ്റെ വീടിന് മുന്നിലെ വെടിവെപ്പിലും മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിലും പങ്കുണ്ടെന്ന് കരുതപ്പെടുന്ന സംഘത്തിൽ നിന്ന് ഇപ്പോൾ ആമിർ ഖാനെതിരെയും ഭീഷണി ഉയർന്നത് സിനിമാ ലോകത്തെ വലിയ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Also read: