രമേഷ് പിഷാരടിയോട് സങ്കടം പറയുന്നത് ബാബു മാസ്റ്റർ കേട്ടു; മകന്റെ വിവാഹം ക്ഷണിക്കാൻ വന്നവർവീടില്ലാത്ത ദമ്പതികൾക്ക് സ്ഥലം വിട്ടുനൽകി
പാലക്കാട്: അപകടത്തിൽ പരിക്കേറ്റ് ആറു വർഷത്തോളം അബോധാവസ്ഥയിലായിരുന്ന മകന്റെ ചികിത്സയ്ക്കായി സ്വന്തം വീട് വിൽക്കേണ്ടി വന്ന ദമ്പതികൾക്ക് ആശ്വാസം. ഏറെക്കാലത്തെ ചികിത്സിക്ക് ശേഷം മകൻ മരണപ്പെടുകയും ചെയ്തതോടെ ഇവർ വാടക വീട്ടിലേക്ക് താമസം മാറിയിരുന്നു. പറളി സ്വദേശികളായ മുരുകദാസിനും ജയലക്ഷ്മിക്കും താങ്ങായി കോൺഗ്രസ് നേതാവും റിട്ടയേർഡ് അധ്യാപകനുമായ കെ.ജി. ബാബു മാസ്റ്ററാണ് ഇവർക്ക് സഹായവുമായി രംഗത്തെത്തിയത്.
നിലവിൽ പാലക്കാട്ട് വാടകയ്ക്കു താമസിക്കുന്ന ഈ ദമ്പതികൾ, തങ്ങൾക്ക് ഒരു വീട് നിർമിക്കാൻ സഹായം ലഭിക്കുമോ എന്നറിയാനാണ് മുൻ കൗൺസിലർ ഡി. ഷജിത് കുമാറിനൊപ്പം രമേഷ് പിഷാരടി എം.എൽ.എയുടെ ഓഫീസിലെത്തിയത്. ആരെങ്കിലും സ്ഥലം നൽകുകയാണെങ്കിൽ വീടു നിർമിക്കാൻ സഹായിക്കാമെന്ന് എം.എൽ.എ വ്യക്തമാക്കിയതോടെ, ആരും സ്ഥലം നൽകാനില്ലല്ലോ എന്ന നിരാശയിലായിരുന്നു ദമ്പതികൾ.
ഈ സമയത്താണ് തന്റെ മകന്റെ വിവാഹ ചടങ്ങിലേക്ക് ക്ഷണിക്കാനായി മണ്ണാർക്കാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റും കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗവുമായ ബാബു മാസ്റ്റർ അവിടെയെത്തുന്നത്. ദമ്പതികളുടെ സങ്കടം നേരിട്ടു കേട്ട ബാബു മാസ്റ്റർ, കടമ്പഴിപ്പുറത്തുള്ള തന്റെ മൂന്ന് സെന്റ് സ്ഥലം ഇവർക്ക് വീടുവെക്കാൻ സൗജന്യമായി നൽകാൻ ഉടൻതന്നെ സന്നദ്ധത അറിയിക്കുകയായിരുന്നു.
യാദൃച്ഛികമായി നടന്ന ഈ സംഭവം ഏറെ അത്ഭുതപ്പെടുത്തിയെന്ന് മണ്ണാർക്കാട് നടന്ന ഫ്‌ലെയിം എജ്യു കോൺക്ലേവിൽ വച്ച് രമേഷ് പിഷാരടി എം.എൽ.എ പറഞ്ഞു. എം.എൽ.എ എൻ. ഷംസുദ്ദീന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതിയുടെ ജോയിന്റ് കൺവീനർ കൂടിയായ ബാബു മാസ്റ്ററെ വേദിയിൽ വച്ച് അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബാബു മാസ്റ്റർ സ്ഥലം നൽകിയതറിഞ്ഞ് അദ്ദേഹത്തിന്റെ ബെംഗളൂരുവിലുള്ള സുഹൃത്ത് വീടു നിർമാണത്തിനായി ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. അപ്രതീക്ഷിതമായി സ്വന്തമായി തലചായ്ക്കാൻ ഒരിടമൊരുങ്ങുന്നതിന്റെ വലിയ ആശ്വാസത്തിലാണ് ഈ ദമ്പതികൾ.