‘ഞങ്ങളുടെ സമയം കളയരുത്’; ഡൽഹിയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള പൊലീസ് അക്രമത്തിനെതിരായ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: നീറ്റ് പരീക്ഷാ തട്ടിപ്പുകൾക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ക്രൂരമായ അടിച്ചമർത്തലിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതിയും ഡൽഹി ഹൈക്കോടതിയും വിസമ്മതിച്ചു. വിഷയം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട ഹരജിക്കാരോട് രൂക്ഷമായ ഭാഷയിലാണ് ഇരു കോടതികളും മറുപടി നൽകിയത്.
ഡൽഹിയിൽ വിദ്യാർത്ഥികൾ നേരിട്ട പോലീസ് അതിക്രമങ്ങൾ ചൂണ്ടിക്കാണിച്ച അഭിഭാഷകനോട്, “ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്” എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കർശനമായി വ്യക്തമാക്കി. സമരക്കാർക്ക് നേരെ പോലീസ് അഴിച്ചുവിട്ട ലാത്തിച്ചാർജിന്റെയും മറ്റ് അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് പരിശോധിക്കണമെന്നും ഹരജിക്കാരൻ അഭ്യർത്ഥിച്ചെങ്കിലും കോടതി അത് കേൾക്കാൻ തയ്യാറായില്ല.
“ഞങ്ങൾക്ക് യാതൊരു വീഡിയോയും കാണേണ്ടതില്ല,” എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. സമാധാനപരമായ അന്തരീക്ഷത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ട സാഹചര്യത്തിൽ സുപ്രീംകോടതി സ്വമേധയാ കേസ് എടുക്കണമെന്നും, വിഷയത്തിൽ ഒരു സിറ്റിങ് ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. കൂടാതെ, മർദ്ദനത്തിന് നേതൃത്വം നൽകിയ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകണമെന്നും ഹരജിയിൽ അപേക്ഷിച്ചിരുന്നു.
സുപ്രീം കോടതിക്ക് പുറമെ, ഡൽഹി ഹൈക്കോടതിയും വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ചു. ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് അടിയന്തരമായി പരിഗണിക്കാൻ തയ്യാറാകാതിരുന്നത്. എല്ലാ വിഷയങ്ങളിലേക്കും കോടതിയെ വലിച്ചിഴയ്ക്കരുത് എന്ന് പരാമർശിച്ച ഹൈകോടതി ബെഞ്ച്, കേസ് സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി ബുധനാഴ്ച പരിഗണിക്കാൻ മാറ്റിവെക്കുകയായിരുന്നു.
കോക്രോച്ച് ജനതാ പാർട്ടി നൽകിയ സമര ആഹ്വാനത്തെ തുടർന്ന് തിങ്കളാഴ്ചയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളും യുവാക്കളും ഡൽഹി തെരുവുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്. പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച വിദ്യാർത്ഥികൾക്ക് നേരെ നീല കലാപ വിരുദ്ധ യൂണിഫോം ധരിച്ച പോലീസ് സേന കടുത്ത ബലപ്രയോഗവും ലാത്തിച്ചാർജും നടത്തുകയായിരുന്നു. പോലീസിന്റെ കടുത്ത അടിച്ചമർത്തലിൽ നൂറുകണക്കിന് വിദ്യാർത്ഥികൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ജൂൺ 28 മുതൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുകിന്റെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരം നടന്നു വരികയായിരുന്നു. നീറ്റ് പരീക്ഷാ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകളും ഉയർത്തിക്കാട്ടിയുള്ള ഈ സമരം ജൂലൈ 17 വരെ തികച്ചും സമാധാനപരമായാണ് മുന്നോട്ടുപോയതെന്ന് ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സമരം 21-ാം ദിവസത്തിലേക്ക് കടന്ന ജൂലൈ 18ന് പോലീസ് സമരപ്പന്തലിൽ ബലമായി പ്രവേശിക്കുകയായിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാൽ വാങ്ചുകിനെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, സമരപ്പന്തൽ ബലമായി ഒഴിപ്പിക്കുകയും സമരക്കാരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നെന്ന് ഹരജി ആരോപിക്കുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ഹരജിയിൽ വ്യക്തമാക്കുന്നു.