‘എന്തിനാണ് സമരത്തിന് പോകുന്നത്? ആ സമയത്ത് വീട്ടിലിരുന്ന് പഠിക്കാം’; നീറ്റ് സമരത്തെ തള്ളി രണ്ടാം റാങ്കുകാരൻ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചുള്ള വിദ്യാർത്ഥി സമരത്തെ തള്ളി പുനഃപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥി പൻഷുൽ ബൻസൽ. പ്രതിഷേധക്കാർ തെരുവിൽ സമരം ചെയ്യുമ്പോൾ താൻ വീട്ടിലിരുന്ന് പഠിക്കുകയായിരുന്നുവെന്ന് ബൻസൽ തുറന്നടിച്ചു. ക്രമക്കേടുകളെ തുടർന്ന് നടന്ന നീറ്റ് പുനഃപരീക്ഷയിൽ 99 ശതമാനം മാർക്കോടെ രണ്ടാം റാങ്കാണ് ബൻസൽ സ്വന്തമാക്കിയത്. ആദ്യത്തെ പരീക്ഷ തന്നെ നിരാശനാക്കിയെങ്കിലും പിന്നീട് ലഭിച്ച അവസരം മാർക്ക് മെച്ചപ്പെടുത്താനുള്ള വഴിയായി മാറ്റുകയായിരുന്നുവെന്ന് ബൻസൽ എൻഡിടിവിയോട് പ്രതികരിച്ചു. ന്യൂഡൽഹിയിലെ ഗ്രേറ്റർ കൈലാഷിലുള്ള കെ.ആർ. മംഗലം വേൾഡ് സ്കൂളിലെ വിദ്യാർത്ഥിയായ ബൻസാൽ പുനഃപരീക്ഷയിൽ 715 മാർക്കാണ് നേടിയത്.
‘ഞാൻ എന്തിനാണ് സമരത്തിന് പോകുന്നത്? പകരം വീട്ടിലിരുന്ന് പഠിച്ചാൽ എനിക്ക് സ്കോർ മെച്ചപ്പെടുത്താം. ആദ്യപരീക്ഷയിൽ 706 മാർക്ക് നേടിയപ്പോൾ പുനപരീക്ഷയിൽ 715 നേടി മെച്ചപ്പെടുത്താനായി. കഴിഞ്ഞ ഒന്നര മാസമായി എനിക്ക് പറ്റാവുന്നത് പോലെ പഠിച്ചു, ബാക്കിയുള്ളത് ദൈവത്തിന് വിട്ടുകൊടുത്തു. എന്തിനാണ് നെഗറ്റീവായി ചിന്തിക്കുന്നത്. എല്ലാം മറന്ന് പ്രധാനലക്ഷ്യത്തിലേക്ക് മാത്രം നോക്കി. എന്ത് സംഭവിച്ചാലും അത് നല്ലതിനുവേണ്ടിയാണ്. പരീക്ഷ ഒന്ന് കഴിഞ്ഞാൽ ഉത്കണ്ഠയും ആശങ്കയും മാറും,’ ബൻസൽ വ്യക്തമാക്കി. എന്നാൽ നിലവിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നായിരുന്നു മറുപടി.
ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥി സമരം കടുക്കുന്നതിനിടെയാണ് ബൻസലിന്റെ ഈ തുറന്നുപറച്ചിൽ. പ്രതിപക്ഷ നേതാക്കളും പ്രമുഖ വ്യക്തികളും ഉൾപ്പെടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യവും ശക്തമായിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഇരുസഭകളും നിർത്തിവെക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് വീണ്ടും ജന്തർ മന്തറിലേക്ക് ഒഴുകിയെത്തിയത്. സമരവേദി പൂർണ്ണമായും നിറഞ്ഞതിനെ തുടർന്ന് ബാരിക്കേഡുകൾക്ക് പുറത്താണ് പ്രതിഷേധക്കാർ നിലയുറപ്പിച്ചത്.