23/07/2026
[fontresizer_tawhidurrahmandear_widget]

‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല, ഡല്‍ഹിയിലെ സമരത്തിന് അമേരിക്കന്‍ ഫണ്ടിങ്’; നീറ്റ് സമരത്തിനെതിരെ മേജർ രവി

 ‘വിസ്മയക്ക് രാഷ്ട്രീയം അറിയില്ല, ഡല്‍ഹിയിലെ സമരത്തിന് അമേരിക്കന്‍ ഫണ്ടിങ്’; നീറ്റ് സമരത്തിനെതിരെ മേജർ രവി

മേജർ രവി, വിസ്മയ മോഹൻലാൽ

കൊച്ചി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ നടക്കുന്ന
വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ രൂക്ഷമായി അധിക്ഷേപിച്ച് മേജർ രവി. സമരരംഗത്തുള്ളത് വിദ്യാർത്ഥികളേക്കാൾ കൂടുതൽ മറ്റ് നിക്ഷിപ്ത താല്പര്യങ്ങളുള്ള ചിലരാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഇന്ത്യയിൽ ‘പാർലമെന്റ് ആക്രമണം നടത്താൻ’ പോകാൻ ഈ പീക്കിരി പിള്ളേരെക്കൊണ്ടൊന്നും സാധിക്കില്ലെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ പോയി പോലീസിന്റെ വാഹനം തകർക്കുകയും പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ചെയ്താൽ തിരിച്ചടി കിട്ടുമെന്നും, അതിനുശേഷം കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവുമില്ലെന്നും മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

സമരത്തിൽ കുട്ടികൾക്ക് അടിയേൽക്കുന്നത് കണ്ടപ്പോൾ തുടക്കത്തിൽ വിഷമം തോന്നിയിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, പിന്നീട് ശ്രദ്ധിച്ചപ്പോഴാണ് സമരത്തിലുള്ളത് കുട്ടികളല്ല ‘കുട്ടന്മാരെയാണ്’ എന്ന് മനസ്സിലായതെന്ന് പരിഹസിച്ചു. വിഷയത്തിൽ വിശദമായ പഠനങ്ങൾ നടത്തി വസ്തുതകൾ ശേഖരിച്ച ശേഷമാണ് താൻ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യു.എസ്സിൽ ഇരുന്നാണ് ഈ സമരത്തിന്റെ തുടക്കമെന്നും ഇതിനുപിന്നിൽ വലിയ തരത്തിലുള്ള യു.എസ് ഫണ്ടിംഗ് ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. ജോർജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ ഫണ്ടിംഗും ഇന്ത്യയ്‌ക്കെതിരെയുള്ള വൻ ഗൂഢാലോചനയുമാണ് ഇതിന് പിന്നിലുള്ളത്. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളിൽ അസ്ഥിരത സൃഷ്ടിച്ച അതേ തന്ത്രങ്ങൾ ഇന്ത്യയിലും നടപ്പിലാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്.

നന്നായി വളർത്തിയെടുത്ത ഒരു പെൺകുട്ടിയോ ആൺകുട്ടിയോ ഇത്തരത്തിലുള്ള സമരങ്ങൾക്ക് പോകില്ലെന്നും, അങ്ങനെയുള്ള ദാരുണമായ സംഭവങ്ങളാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സമരരംഗത്തുള്ള വലിയൊരു വിഭാഗവും യഥാർത്ഥ വിദ്യാർത്ഥികളല്ല. സി.ബി.എസ്.ഇയുടെയോ നീറ്റിന്റെയോ ഫുൾ ഫോം പോലും അറിയാത്തവരാണ് അവിടെ നടന്ന് മുദ്രാവാക്യം വിളിക്കുന്നത്. സമരമുഖത്ത് ഉയരുന്ന മുദ്രാവാക്യങ്ങൾ പരിശോധിച്ചാൽ ഇതിന്റെ പിന്നിലുള്ള കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകും. നീറ്റ് പരീക്ഷാ വിഷയത്തേക്കാൾ ഉപരി ‘മോദിയെ പുറത്താക്കുക’, ‘ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുക’, ‘ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവിടെ ഉയർന്നു കേൾക്കുന്നത്. ചോദ്യപേപ്പർ ചോർച്ച ഇന്നും ഇന്നലെയുമല്ല തുടങ്ങിയത്; കോൺഗ്രസ് ഭരണകാലത്തും എത്രയോ ചോദ്യപ്പേപ്പറുകൾ ചോർന്നിട്ടുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വിദേശ ശക്തികളിൽ നിന്ന് പണം വാങ്ങി സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുന്ന പരിപാടി അവസാനിപ്പിച്ച്, രാജ്യത്തിന്റെ വിഷയം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ദയവുചെയ്ത് പഠിക്കണമെന്നും മേജർ രവി കൂട്ടിച്ചേർത്തു.

Also read: