വഴിപാട് തട്ടിപ്പ്: അയോധ്യയിൽ ഭക്തരുടെ എണ്ണത്തിൽ വൻ കുറവ്; പ്രാർത്ഥിച്ചോളാം, കാണിക്കയിടില്ലെന്ന നിലപാടിൽ വിശ്വാസികൾ
അയോധ്യ: അയോധ്യയിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ രാമക്ഷേത്രത്തിൽ ഭക്തരുടെ വരവിൽ വൻ കുറവ്. സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും, പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) സമർപ്പിച്ച റിപ്പോർട്ടുകൾ സുപ്രീം കോടതിയുടെ പരിഗണനയിലെത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, ഈ സംഭവങ്ങൾ സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് വിശ്വാസികൾ ഇതുവരെ മുക്തരായിട്ടില്ലെന്നും പ്രദേശത്തെ കച്ചവടക്കാർ പ്രതിസന്ധിയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ട്രസ്റ്റിന്റെ സാമ്പത്തിക സുതാര്യതയില്ലായ്മയിൽ കടുത്ത അമർഷത്തിലാണ് തീർത്ഥാടകർ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഞങ്ങൾ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിക്കും, എന്നാൽ കാണിക്കയോ പണമോ നൽകില്ല’ എന്ന ഉറച്ച നിലപാടാണ് ഭക്തർ ഇപ്പോൾ സ്വീകരിക്കുന്നത്. തങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ദുരുപയോഗം ചെയ്യപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതാണ് കാണിക്കവഞ്ചികളിൽ പണം നിക്ഷേപിക്കുന്നതിൽ നിന്ന് ആളുകളെ പിന്നോട്ട് വലിക്കുന്നത്.
ഭക്തരുടെ വരവ് പകുതിയോളം കുറഞ്ഞതോടെ അയോധ്യയിലെ ഹോട്ടലുകൾ, ഇ-റിക്ഷകൾ, പൂജാസാധനങ്ങൾ വിൽക്കുന്ന കടകൾ, റസ്‌റ്റോറന്റുകൾ എന്നിവയുടെ കച്ചവടം വൻ പ്രതിസന്ധിയിലായി. രാമക്ഷേത്രത്തിന് പുറമെ ഹനുമാൻ ഗഡി, കനക് ഭവൻ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളിലും സമാനമായ വിജനത ദൃശ്യമാണ്. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിലൂടെ ക്ഷേത്ര ഭരണത്തിൽ സുതാര്യത ഉറപ്പുവരുത്തുകയും നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയും ചെയ്താൽ മാത്രമേ തങ്ങളുടെ ജീവിതമാർഗ്ഗം പഴയപടിയാകൂ എന്ന ആശങ്കയിലാണ് വ്യാപാരികളും െ്രെഡവർമാരും.