‘രക്ഷാപ്രവർത്തനക്കേസ്’ അട്ടിമറി; എഡിജിപി അജിത് കുമാറിന് സസ്പെൻഷൻ
തിരുവനന്തപുരം: ആലപ്പുഴ ‘രക്ഷാപ്രവർത്തനക്കേസ്’ അട്ടിമറിയിൽ ഒടുവിൽ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ സസ്പെൻഷൻ. പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർണ്ണായക നടപടി. ഡിജിപി റാങ്കിലേക്കുള്ള അജിത്കുമാറിന്റെ സ്ഥാനക്കയറ്റത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നടപടി. സസ്പെൻഷൻ സംബന്ധിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറങ്ങും.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ നിന്ന് പ്രതികളെ രക്ഷിക്കാൻ കേസ് ഡയറി തിരുത്തിയെന്നാണ് അജിത്കുമാറിനെതിരെയുള്ള പ്രധാന കണ്ടെത്തൽ. കേസ് അട്ടിമറിക്കപ്പെടാൻ എ.ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് സമ്മർദ്ദമുണ്ടായതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് താൻ വയനാട് ദുരന്തമേഖലയിൽ രക്ഷാപ്രവർത്തന ഏകോപന ഡ്യൂട്ടിയിലായിരുന്നുവെന്ന് വിശദീകരിച്ച് അജിത്കുമാർ ഉന്നയിച്ച വാദങ്ങൾ എസ്.ഐ.ടി തള്ളിക്കളഞ്ഞു.
ഫയർഫോഴ്സ് മേധാവി നിതിൻ അഗർവാൾ 31ന് വിരമിക്കുമ്പോൾ ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത കൽപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥനാണ് അജിത്കുമാർ. സ്ഥലത്തില്ലായിരുന്നെങ്കിലും അജിത് കുമാറിന്റെ നിർദേശ പ്രകാരമാണ് അദ്ദേഹത്തിന്റെ ഓഫീസിലെ ഗ്രേഡ് എസ്ഐമാർ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കേസ് ഡയറി തിരുത്തിച്ചെതെന്നാണ് എസ്ഐടി വിലയിരുത്തൽ. റിപ്പോർട്ടിൽ വ്യക്തത തേടിയപ്പോൾ ഇതിന് തെളിവായി ചാറ്റിന്റെ സ്ക്രീൻഷോർട്ട് ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് അന്വേഷണസംഘം ഡിജിപിക്ക് സമർപ്പിച്ചത്.