24/07/2026
[fontresizer_tawhidurrahmandear_widget]

മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

 മുട്ടിൽ മരംമുറിക്കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: വയനാട് മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹരജി ഹൈക്കോടതി തള്ളി. കേസ് റദ്ദാക്കണമെന്ന ഇവരുടെ ആവശ്യം മുൻപ് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയും തള്ളിയിരുന്നു. വിചാരണ നേരിടാൻ തക്കവണ്ണമുള്ള മതിയായ കുറ്റങ്ങൾ പ്രതികൾക്കെതിരെയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

വനം വകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വയനാട്ടിലെ മരം അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിൽ വിൽക്കാൻ ശ്രമിച്ചതിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. എന്നാൽ, മരങ്ങൾ കൊണ്ടുപോകാൻ ഫോം 3 പാസ് ആവശ്യമില്ലെന്നായിരുന്നു പ്രതികളുടെ വാദം. വയനാട്ടിലെ മുട്ടിലിൽ നിന്ന് മുറിച്ചുകടത്തിയ മരം അമ്പലമേട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലബാർ ടിംബേഴ്സ് എന്ന സ്വകാര്യ മരക്കമ്പനിക്കാണ് ഇവർ വിൽപ്പന നടത്തിയത്. തുടർന്ന് വനം വകുപ്പ് നടത്തിയ അന്വേഷണത്തിൽ ഇതിന് പാസില്ലെന്ന് കണ്ടെത്തുകയും മരം പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് കമ്പനി ഉടമകൾ അമ്പലമേട് പൊലീസിൽ പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ വഞ്ചനാക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക കൊള്ളകളിലൊന്നായി വിലയിരുത്തപ്പെടുന്നതാണ് വയനാട് മുട്ടിൽ സൗത്ത് വില്ലേജിൽ നടന്ന മരമുറി. കർഷകർക്ക് പട്ടയം നൽകിയ ഭൂമിയിൽ നിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഈട്ടിമരങ്ങളാണ് സർക്കാർ ഉത്തരവിൻ്റെ മറവിൽ പ്രതികൾ മുറിച്ചുകടത്തിയത്. കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് ഇത്തരത്തിൽ അനധികൃതമായി വെട്ടിമാറ്റിയത്. കർഷകരെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രതികൾ മരങ്ങൾ കൈക്കലാക്കിയതെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

വയനാട്ടിൽ നിന്ന് മുറിച്ച മരങ്ങൾ യാതൊരു പരിശോധനകളുമില്ലാതെ എറണാകുളത്ത് എത്തിച്ചതിലും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. റവന്യു, വനം വകുപ്പുകളിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. അമ്പലമേട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ നേരിടണമെന്ന് ഹൈക്കോടതി കൂടി വ്യക്തമാക്കിയതോടെ അഗസ്റ്റിൻ സഹോദരങ്ങൾക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കേസിൻ്റെ തുടരന്വേഷണത്തിലും വിചാരണ നടപടികളിലും ഹൈക്കോടതിയുടെ ഈ നിരീക്ഷണം നിർണായകമാകും.

Also read: