25/07/2026
[fontresizer_tawhidurrahmandear_widget]

‘പ്രതിഷേധത്തിന് വരുന്നത് കള്ളുകുടിക്കാൻ’; വിദ്യാർത്ഥി സമരത്തിനെതിരെ അധിക്ഷേപം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥിനി

 ‘പ്രതിഷേധത്തിന് വരുന്നത് കള്ളുകുടിക്കാൻ’; വിദ്യാർത്ഥി സമരത്തിനെതിരെ അധിക്ഷേപം; മേജർ രവിക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥിനി

കൊച്ചി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവരെ അധിക്ഷേപിച്ച മേജർ രവിക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് വിദ്യാർത്ഥിനി. ആലപ്പുഴ സ്വദേശിനിയും പ്ലസ് ടു വിദ്യാർത്ഥിനിയുമായ മാളവികയാണ് വക്കീൽ നോട്ടീസ് അയച്ചത്. സമരത്തിൽ പങ്കെടുക്കുന്ന ആളുകൾ കള്ളുകുടിക്കാനും സൗജന്യമായി ഭക്ഷണം കഴിക്കാനും രാത്രികാലങ്ങളിൽ അക്രമങ്ങൾ കാണിക്കാനുമാണ് വരുന്നതെന്ന് മേജർ രവി ഫേസ്ബുക്ക് ലൈവിലൂടെ ആരോപിച്ചിരുന്നു. ഈ അധിക്ഷേപത്തിനെതിരെയാണ് സമരത്തിൽ പങ്കാളിയായ മാളവിക നിയമനടപടിയുമായി മുന്നോട്ടു വന്നത്.

വിവാദ വീഡിയോ അഞ്ച് ദിവസത്തിനുള്ളിൽ ഡിലീറ്റ് ചെയ്യണമെന്നും പരസ്യമായി ക്ഷമാപണം നടത്തുന്ന വീഡിയോ അപ്‌ലോഡ് ചെയ്യണമെന്നുമാണ് വക്കീൽ നോട്ടീസിലെ പ്രധാന ആവശ്യം. അല്ലാത്തപക്ഷം പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ അപമാനശ്രമത്തിന് കേസ് ഫയൽ ചെയ്യുമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

പരീക്ഷ ചോദ്യപ്പേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികൾ നേരിടുന്ന അനീതികൾക്കുമെതിരെയാണ് താൻ അടക്കമുള്ളവർ അവിടെ സമാധാനപരമായി സമരം ചെയ്യുന്നതെന്ന് മാളവിക പറഞ്ഞു. ഇത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ ജാതിക്കോ വേണ്ടിയുള്ള സമരമല്ലെന്നും, സമരസ്ഥലത്ത് 90 ശതമാനത്തോളം വിദ്യാർത്ഥികളാണുള്ളതെന്നും പ്രദേശത്ത് കൃത്യമായ ശുചിത്വം പാലിക്കുന്നുണ്ടെന്നും മാളവിക ചൂണ്ടിക്കാട്ടി.

‘സമരത്തിൽ പങ്കെടുത്ത ഒരു പ്ലസ് ടു വിദ്യാർത്ഥി എന്ന നിലയിൽ മേജർ രവിയുടെ വാക്കുകളിൽ എനിക്ക് വലിയ പ്രതിഷേധമുണ്ട്. അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം തീർത്തും അസത്യമാണ്. ഉടൻ തന്നെ എൻട്രൻസ് പരീക്ഷ എഴുതാനിരിക്കുന്ന ഒരാളാണ് ഞാനും. ചോദ്യപ്പേപ്പറുകൾ ചോരുന്നതും കുട്ടികൾ ജീവനൊടുക്കുന്നതും കേൾക്കുമ്പോൾ വലിയ ഭയമാണ് തോന്നുന്നത്. ഭാവിയിൽ വേറൊരു കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുത്. കുട്ടികൾ നേരിടുന്ന അനീതി നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്. അതിന് മറ്റുള്ളവരുടെ മേൽ കുറ്റം അടിച്ചേൽപ്പിക്കരുത്. വിദ്യാർത്ഥികളെ രാജ്യവിരുദ്ധരായി ചിത്രീകരിക്കാനും അപമാനിക്കാനുമാണ് ഇല്ലാത്ത പോയിന്റുകൾ ഉണ്ടാക്കി ഇത്തരം വ്യാജപ്രചരണങ്ങൾ നടത്തുന്നത്’-മാളവിക പറഞ്ഞു

Also read: