പരീക്ഷാ തട്ടിപ്പിൽ രാജിവെച്ചിട്ടും പാർലമെന്റിൽ വൻ സ്വീകരണം; ധർമേന്ദ്ര പ്രധാന് ഹാരമണിയിച്ച് എൻഡിഎ നേതാക്കൾ
ന്യൂഡൽഹി: ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ സ്ഥാനമൊഴിയേണ്ടി വന്നിട്ടും മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് വൻ സ്വീകരണം നൽകി എൻ.ഡി.എ. നേതാക്കൾ. തിങ്കളാഴ്ച സഭാ നടപടികൾക്കായി പാർലമെന്റ് സമുച്ചയത്തിലെത്തിയ പ്രധാന്, പാർലമെന്റിന്റെ മകരദ്വാറിന് മുന്നിൽ തടിച്ചുകൂടിയ ബി.ജെ.പി. ഭരണകക്ഷി അംഗങ്ങൾ ഹാരമണിയിച്ചും പരമ്പരാഗത തൊപ്പി അണിയിച്ചുമാണ് സ്വീകരണം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പോരാട്ട വീര്യത്തിന് മുന്നിൽ തോൽവി സമ്മതിച്ചിട്ടും രാജിവെച്ച വ്യക്തിക്ക് താരപരിവേഷം നൽകുന്നത് എന്ത് വിഡ്ഢിത്തമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.
നീറ്റ് വിവാദത്തിൽ പ്രധാന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പി. സംഘടിപ്പിച്ച രാജ്യവ്യാപക പ്രക്ഷോഭത്തിനൊടുവിൽ ജൂലൈ 25-നാണ് ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചത്. “രാജ്യവിരുദ്ധ ശക്തികൾ വിദ്യാർഥി പ്രക്ഷോഭത്തെ മുതലെടുക്കുന്നത് തടയാനും വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാനുമാണ് താൻ വിദ്യാഭ്യാസ മന്ത്രിസ്ഥാനം മൊഴിയുന്നത്” എന്ന് എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിൽ ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ക്രൂരമായ ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് കോൺഗ്രസ് എം.പി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റിന് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ‘ശിക്ഷാ ചോരി’ എന്നെഴുതിയ പ്ലക്കാർഡുകൾ ഏന്തിയാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്.