28/07/2026
[fontresizer_tawhidurrahmandear_widget]

സിജെപി മാതൃകയിൽ ജാതി സംവരണത്തിനെതിരെ പുതിയ ക്യാമ്പയിൻ; ഇൻസ്റ്റഗ്രാമിൽ പിന്തുണച്ച് 55 ലക്ഷം ആളുകൾ

 സിജെപി മാതൃകയിൽ ജാതി സംവരണത്തിനെതിരെ പുതിയ ക്യാമ്പയിൻ; ഇൻസ്റ്റഗ്രാമിൽ പിന്തുണച്ച് 55 ലക്ഷം ആളുകൾ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച കോക്രോച്ച് ജനതാ പാർട്ടിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജാതിസംവരണത്തിനെതിരെ പുതിയ ഓൺലൈൻ കൂട്ടായ്‌മ രൂപപ്പെട്ടു. ‘സംവരണം ഇല്ലാതാക്കാനുള്ള സമരം’ (റിസർവേഷൻ ഹഠാവോ ആന്തോളൻ-ആർ.എച്ച്.എ) എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ ആരംഭിച്ച അക്കൗണ്ടിന് ഇതിനകം 55 ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. അംബേദ്‌കർ മുന്നോട്ടുവെച്ച ‘പഠിക്കുക, പോരാടുക, സംഘടിക്കുക’ എന്ന മുദ്രാവാക്യമാണ് പേജിന്റെ ബയോയിൽ നൽകിയിരിക്കുന്നത്.

നൂറിലധികം പോസ്റ്റുകളാണ് ഇതുവരെ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുള്ളത്. തങ്ങൾക്ക് യാതൊരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് ഒരു പോസ്റ്റിലൂടെ ആർ.എച്ച്.എ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ കൂട്ടായ്മയ്ക്ക് പിന്നിൽ ആരാണെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ജാതിസംവരണം മെറിറ്റിനെ തകർക്കുന്നു എന്നതാണ് ഇവർ ഉന്നയിക്കുന്ന പ്രധാന വിമർശനം. കൂടാതെ, സംവരണം സമൂഹത്തിൽ ജാതി വിഭജനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, മത്സരം കുറയ്ക്കുന്നതിലൂടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ആർ.എച്ച്.എ വാദിക്കുന്നു. അതിനാൽ ജാതിക്ക് പകരം യോഗ്യതയുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും തുല്യാവസരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

ജാതിവിവേചനം അവസാനിപ്പിക്കുകയാണ് ലക്ഷ്യമെങ്കിൽ, സർക്കാർ ദൈനംദിന കാര്യങ്ങളിലും ഔദ്യോഗിക രേഖകളിലും ജാതി ചോദിക്കുന്നതും രേഖപ്പെടുത്തുന്നതും നിർത്തലാക്കുകയാണ് വേണ്ടതെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. അതേസമയം, ആർ.എച്ച്.എയുടെ പോസ്റ്റുകൾക്ക് താഴെ ശക്തമായ എതിർപ്പും വിമർശനങ്ങളും ഉയരുന്നുണ്ട്. “ജാതീയത അവസാനിപ്പിച്ചാൽ ജാതിസംവരണം സ്വയം അവസാനിക്കും” എന്നാണ് ഒരാൾ കമന്റ് ചെയ്തത്. “രാജ്യത്തെ ക്ഷേത്രങ്ങളിൽ എസ്.സി, എസ്.ടി, ഒബിസി സമുദായങ്ങളിൽ നിന്നുള്ളവർ പൂജാരിമാരാകുന്ന ദിവസം നിങ്ങൾക്ക് ജാതിസംവരണം ഇല്ലാതാക്കുന്നതിനെ കുറിച്ച് സംസാരിക്കാം” എന്ന് മറ്റൊരാളും കുറിച്ചു.

നേരത്തെ, സി.ജെ.പി മാതൃകയിൽ എഥനോൾ കലർത്തിയ പെട്രോളിനെതിരെ ‘ഇ20 ജനതാ പാർട്ടി’ (ഇ.ജെ.പി) എന്നപേരിൽ മറ്റൊരു ഓൺലൈൻ കൂട്ടായ്മയും രൂപപ്പെട്ടിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ പേരാണ് ഇ.ജെ.പിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തത്. ഇ20 പെട്രോളിനൊപ്പം 100 ശതമാനം ശുദ്ധമായ പെട്രോളും തിരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താക്കൾക്ക് ഉറപ്പാക്കണമെന്ന ആവശ്യമാണ് ഇ.ജെ.പി മുന്നോട്ടുവെച്ചിരുന്നത്.

Also read: