രാഹുൽ ഗാന്ധി സംഭാവന നൽകി, പൂജാരി കീശയിലാക്കി; പാർലമെന്റിൽ വേറിട്ട ‘ചന്ദാ ചോരി’ പ്രതിഷേധവുമായി പ്രതിപക്ഷം
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പിൽ പ്രതിഷേധിച്ച് പാർലമെന്റിലെ മകരദ്വാറിന് മുന്നിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ച് പ്രതിപക്ഷം. ‘ചന്ദാ ചോരി’ അഥവാ സംഭാവന തട്ടിപ്പ് എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
പൂർണിയയിൽ നിന്നുള്ള സ്വതന്ത്ര എം.പി പപ്പു യാദവ് പൂജാരിയുടെ വേഷമണിഞ്ഞ് ശ്രീരാമന്റെ ചിത്രവുമായി മകരദ്വാറിലെ പടികളിൽ വെച്ച സംഭാവന പെട്ടികൾക്ക് സമീപം ഇരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാർ ഈ പെട്ടിയിലേക്ക് പണം നിക്ഷേപിച്ചപ്പോൾ, പപ്പു യാദവ് ആ പണമെടുത്ത് സ്വന്തം പോക്കറ്റിലിട്ടാണ് ക്ഷേത്രത്തിലെ സംഭാവന മോഷ്ടിക്കപ്പെടുന്നത് പ്രതീകാത്മകമായി കാണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി വധ്ര, സമാജ്‌വാദി പാർട്ടി എം.പിമാരായ അവധേഷ് പ്രസാദ്, ധർമേന്ദ്ര യാദവ്, ജാർഖണ്ഡ് മുക്തി മോർച്ച എം.പി മഹുവ മാജി തുടങ്ങിയ നേതാക്കൾ ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.
പണവുമായി രക്ഷപ്പെടാൻ ശ്രമിച്ച പപ്പു യാദവിനെ സമാജ്‌വാദി പാർട്ടി എം.പിമാർ തടഞ്ഞുനിർത്തുകയും ചോദ്യം ചെയ്യുകയും ചെയ്തു. തന്നെ തൂക്കിലേറ്റുമെന്നാണ് അവർ പറയുന്നതെന്ന് തമാശയായി പറഞ്ഞ പപ്പു യാദവ്, ജനപ്രതിനിധികളുടെ കൂട്ടത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന രംഗവും അവിടെ അവതരിപ്പിച്ചു.
പ്രതിഷേധത്തിനിടെ എം.പിമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെടുകയും സഭയിലെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അമിത് ഷാ സഭയിൽ വരണമെന്നും രാജി വെക്കണമെന്നും ആവശ്യപ്പെട്ട നേതാക്കൾ ബാനറുകളുമായാണ് പ്രതിഷേധിച്ചത്. പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിൽ അയോധ്യ ക്ഷേത്ര സംഭാവന ക്രമക്കേടും വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയും സജീവ ചർച്ചയാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഈ സംഭവത്തിൽ മുൻപ് ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും കേസ് രജിസ്റ്റർ ചെയ്ത് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളും തടസ്സപ്പെടുകയും നിർത്തിവെക്കുകയും ചെയ്തു.