31/07/2026
[fontresizer_tawhidurrahmandear_widget]

‘അച്ഛനെ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, വീട്ടിലെത്തിയത് ചോരയിൽ കുതിർന്ന യൂണിഫോമിൽ’; സിജെപി സമരത്തിൽ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങൾ രംഗത്ത്

 ‘അച്ഛനെ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു, വീട്ടിലെത്തിയത് ചോരയിൽ കുതിർന്ന യൂണിഫോമിൽ’; സിജെപി സമരത്തിൽ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങൾ രംഗത്ത്

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർമന്തറിൽ വിദ്യാർത്ഥികൾ നടത്തിയ സിജെപി സമരത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണങ്ങളാണെന്ന് വെളിപ്പെടുത്തി അവരുടെ കുടുംബാംഗങ്ങൾ. സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പോലീസുകാരുടെ ദുരനുഭവങ്ങൾ തുറന്നുപറഞ്ഞത്. ഉദ്യോഗസ്ഥർ അനുഭവിക്കുന്ന വേദനയോ അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളോ എവിടെയും ചർച്ചയാകുന്നില്ലെന്നും ഇവർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പ്രതിഷേധ സ്ഥലത്തെ പ്രധാന സുരക്ഷാ ബാരിക്കേഡുകൾക്ക് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടറുടെ മകളുടെ വെളിപ്പെടുത്തലുകൾ ഏറെ നടുക്കമുണ്ടാക്കുന്നതായിരുന്നു. ചോരയിൽ കുതിർന്ന യൂണിഫോമുമായാണ് ഡ്യൂട്ടിക്ക് ശേഷം തന്റെ പിതാവ് വീട്ടിലെത്തിയതെന്ന് അവർ വികാരഭരിതയായി പറഞ്ഞു. പ്രതിഷേധക്കാർക്കിടയിലേക്ക് സാമൂഹ്യവിരുദ്ധർ നുഴഞ്ഞുകയറിയതായി അദ്ദേഹം പറഞ്ഞിരുന്നു. സമരത്തിനിടെ അദ്ദേഹത്തെ ചിലർ വലിച്ചിഴച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിൽ നാല് മണിക്കൂറോളമാണ് അദ്ദേഹം അബോധാവസ്ഥയിൽ കിടന്നതെന്നും അവർ വ്യക്തമാക്കി. പോലീസിൽ ചേരുന്നതിന് മുൻപ് ഇന്ത്യൻ നാവികസേനയിൽ മറൈൻ കമാൻഡോ ആയി സേവനമനുഷ്ഠിച്ച വ്യക്തിയാണ് തന്റെ പിതാവെന്നും അവർ കൂട്ടിച്ചേർത്തു. അച്ഛന്റെ ചോര പുരണ്ട യൂണിഫോമുമായാണ് ഈ യുവതി വാർത്താസമ്മേളനത്തിനെത്തിയത്.

സിജെപി സമരത്തിനിടെ പാർലമെന്റ് സ്ട്രീറ്റ്, കൊണാട്ട് പ്ലേസ്, ജന്തർമന്തർ എന്നിവിടങ്ങളിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിൽ വലിയ ഏറ്റുമുട്ടലുകളുണ്ടായിരുന്നു. ഈ അക്രമ സംഭവങ്ങളിൽ പരിക്കേറ്റ പല ഉദ്യോഗസ്ഥരും ഇപ്പോഴും ചികിത്സയിലാണ്. പ്രതിഷേധക്കാർ കല്ലുകളും പൂച്ചട്ടികളും ചെരിപ്പുകളും ഉപയോഗിച്ചാണ് പോലീസിനെ ആക്രമിച്ചതെന്ന് പരിക്കേറ്റ ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ ഭാര്യയും ആരോപിച്ചു.

ജൂലൈ 20-ന് നടന്ന ഈ അക്രമത്തിൽ 250-ലധികം പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇതിനുപുറമെ 110-ലധികം സുരക്ഷാ ബാരിക്കേഡുകൾ, 300-ൽ അധികം ബോഡി പ്രൊട്ടക്ടറുകൾ, 350-ലധികം ഹെൽമെറ്റുകൾ, 50-ലധികം ഷീൽഡുകൾ, 25-ലധികം സർക്കാർ വാഹനങ്ങൾ എന്നിവയും സമരത്തിനിടയിൽ തകർക്കപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Also read: