വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്; വമ്പൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ്
ചെന്നൈ: വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ യുവതികൾക്ക് വിവാഹ സമ്മാനമായി സ്വർണ്ണവും സാരിയും അടക്കം വമ്പൻ ജനപ്രിയ പ്രഖ്യാപനങ്ങളോടെ വിജയ് സർക്കാരിൻ്റെ ആദ്യ ബജറ്റ് തമിഴ്‌നാട് നിയമസഭയിൽ ധനമന്ത്രി എൻ. മരിയ വിൽസൺ അവതരിപ്പിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടി.വി.കെ മുന്നോട്ടുവെച്ച പ്രമുഖ വാഗ്ദാനമായ ‘അണ്ണൻ സീർ തിട്ടം’ പദ്ധതിക്കായി ബജറ്റിൽ 812 കോടി രൂപ നീക്കിവെച്ചു. ഈ പദ്ധതി പ്രകാരം വിവാഹിതരാകാൻ പോകുന്ന യുവതികൾക്ക് എട്ട് ഗ്രാം സ്വർണ്ണവും ഒരു സാരിയും നൽകും. ഇതിനുപുറമെ കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ്ടോപ്പ് നൽകുന്ന ‘വെട്രി ലാപ്ടോപ്പ് സ്കീമിനായി’ 2000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
സ്‌കൂളുകളുടെയും സ്‌കൂൾ വിദ്യാർത്ഥികളുടെയും സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ലഹരിമുക്ത സംസ്ഥാനം ലക്ഷ്യമിട്ടുള്ള ‘ഡ്രഗ് ഫ്രീ തമിഴ്‌നാട്’ എന്ന ആശയത്തിനായി സ്‌കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക വളണ്ടിയർ ഗ്രൂപ്പുകൾ രൂപീകരിക്കുകയും ഇതിനായി പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കുകയും ചെയ്യും. തെരഞ്ഞെടുപ്പ് വേളയിൽ നടൻ വിജയ് നൽകിയ വാഗ്ദാനമനുസരിച്ച് മത്സ്യത്തൊഴിലാളികളുടെ പ്രതിമാസ വേതനം 6000 രൂപയിൽ നിന്ന് 7000 രൂപയായി ഉയർത്തി. ആദ്യമായി ഹജ്ജിന് പോകുന്നവർക്കുള്ള സാമ്പത്തിക സഹായം 25,000 രൂപയിൽ നിന്ന് 35,000 രൂപയായും വർദ്ധിപ്പിച്ചിട്ടുണ്ട്.