‘രാഷ്ട്രീയത്തിലിറങ്ങിയവർക്ക് മുട്ടയേറിനെ ഭയമോ?സ്വാതന്ത്ര്യസമര സേനാനികൾ വെടിയുണ്ടകളാണ് ഏറ്റുവാങ്ങിയത്’; മഹുവ മൊയ്ത്രയുടെ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റിട്ടെന്ന കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര നൽകിയ ഹരജി സുപ്രീം കോടതി തള്ളി. നേരിട്ട് ഹാജരാകുന്നതിന് പകരം വീഡിയോ കോൺഫറൻസിങ് വഴി ചോദ്യം ചെയ്യലിന് ഹാജരാകാൻ അനുവദിക്കണമെന്നായിരുന്നു മഹുവയുടെ ആവശ്യം.
എന്നാൽ ഈ ആവശ്യം ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കർശനമായി തള്ളുകയായിരുന്നു. ജനപ്രതിനിധിയായി രാഷ്ട്രീയത്തിൽ നിൽക്കുന്ന ഒരാൾ മുട്ടയേറിനെ ഭയപ്പെടുന്നത് ശരിയല്ലെന്നും, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവർ നെഞ്ചിൽ വെടിയുണ്ടകൾ വരെ ഏറ്റുവാങ്ങിയവരാണെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ഇത്തരത്തിലുള്ള ഹർജികൾ കോടതിയുടെ പരിഗണനയ്ക്ക് പോലും വരേണ്ടതില്ലാത്തതാണെന്നും ബെഞ്ച് വ്യക്തമാക്കി.
മഹുവ മൊയ്ത്രയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണനാണ് മുട്ടയേറുണ്ടാകുമെന്ന ആശങ്ക കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്വന്തം മണ്ഡലത്തിലെ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എത്തുമ്പോൾ ജനക്കൂട്ടം ആക്രമിക്കാൻ സാധ്യതയുണ്ടെന്നും മുൻപ് ഇത്തരത്തിൽ അവർക്ക് നേരെ മുട്ടയേറുണ്ടായിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വാദം.
കഴിഞ്ഞ ജൂണിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രണ്ട് വീഡിയോകളിലെ ചില പരാമർശങ്ങൾക്കെതിരെ ഒരു ബി.ജെ.പി നേതാവ് നൽകിയ പരാതിയിലാണ് മഹുവയ്‌ക്കെതിരെ പോലീസ് കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അവർ നൽകിയ ഹർജി പരിഗണിച്ച കൊൽക്കത്ത ഹൈക്കോടതി അവർക്ക് നേരത്തെ ഇടക്കാല സംരക്ഷണം നൽകിയിരുന്നു.
എന്നാൽ, ഓഗസ്റ്റ് 14-ന് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥന് മുന്നിൽ നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. അന്വേഷണ ഏജൻസിയോട് പൂർണ്ണമായും സഹകരിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളതെന്നും, ആ നിർദ്ദേശം പാലിക്കാത്ത പക്ഷം തുടർന്ന് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മഹുവ മൊയ്ത്രയ്ക്ക് മുന്നറിയിപ്പ് നൽകി.