09/08/2026
[fontresizer_tawhidurrahmandear_widget]

‘വെടിവെച്ചുകൊല്ലാൻ ഇത് സംഘപരിവാറിന്റെ ബുൾഡോസർ ഭരണമുള്ള യുപിയോ ബിഹാറോ അല്ല’; അര്‍ജുനെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

 ‘വെടിവെച്ചുകൊല്ലാൻ ഇത് സംഘപരിവാറിന്റെ ബുൾഡോസർ ഭരണമുള്ള യുപിയോ ബിഹാറോ അല്ല’; അര്‍ജുനെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

കൊച്ചി: ഒളിവിലിരുന്ന് പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കിയെ പിന്തുണച്ചും സംസ്ഥാന ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ചും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി രംഗത്ത്. അർജുൻ ആയങ്കി പൊലീസിനെ പരസ്യമായി അധിക്ഷേപിച്ചതിനോടും വെല്ലുവിളിച്ചതിനോടും ശക്തമായ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിയ ആകാശ്, എന്നാൽ തെറ്റ് ചെയ്തുവെന്ന കാരണത്താൽ ഒരു പൗരനെ വെടിവെച്ചുകൊല്ലാൻ ഉത്തരവിടാൻ ഇത് സംഘപരിവാറിന്റെ ബുൾഡോസർ ഭരണമുള്ള ഉത്തർപ്രദേശോ ബിഹാറോ അല്ലെന്ന് ഓർമിപ്പിച്ചു. വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരുമെന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ആകാശ് മുന്നറിയിപ്പ് നൽകി.

കള്ളക്കേസിൽ കുടുക്കിയപ്പോഴുണ്ടായ വികാരത്തള്ളിച്ചയിലാകാം അവൻ അങ്ങനെ പ്രതികരിച്ചതെന്നും ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾ നിയമപരമായും രാഷ്ട്രീയമായുമാണ് പ്രകടിപ്പിക്കേണ്ടതെന്നും ആകാശ് ചൂണ്ടിക്കാട്ടി. അവന്റെ എടുത്തുചാട്ടത്തെ വിമർശിക്കുമ്പോഴും അതിന് കാരണമായ പൊലീസിന്റെ കള്ളക്കേസിനെ നിസ്സാരവൽക്കരിക്കുന്നില്ലെന്നും, ആ വിഷയത്തിൽ അവനും കൂട്ടുകാർക്കും ഒപ്പം തന്നെയാണ് നിലകൊള്ളുന്നതെന്നും ആകാശ് വ്യക്തമാക്കി.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണകൂടം ഒരു പൗരന്റെ ജീവനെടുക്കാൻ തുനിഞ്ഞിറങ്ങുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പോസ്റ്റിൽ പറയുന്നു. ഭരണകൂട ഭീകരതയ്ക്കും സംഘി മോഡൽ അടിച്ചമർത്തലുകൾക്കും മുന്നിൽ തലകുനിക്കില്ലെന്നും, തോക്കിൻമുന കാട്ടി ഭയപ്പെടുത്താമെന്നാണ് കോൺഗ്രസ് സർക്കാർ കരുതുന്നതെങ്കിൽ ചെറുത്തുതോൽപ്പിക്കാൻ മുന്നിലുണ്ടാകുമെന്നും ആകാശ് കൂട്ടിച്ചേർത്തു.

ഗുണ്ടകളെ കൈകാര്യം ചെയ്യാൻ പൊലീസിന് പ്രത്യേക കരുത്തുണ്ടെന്നും പൊലീസിനെ വെല്ലുവിളിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി പൊലീസിനെയും മന്ത്രിയെയും വെല്ലുവിളിച്ച് രംഗത്തെത്തിയത്. ഇതിന് പിന്നാലെ ആയങ്കിയെ പിടികൂടാനുള്ള നീക്കം ശക്തമാക്കിയ പൊലീസ്, വേണമെങ്കിൽ വെടിവെച്ച് പിടികൂടാമെന്ന നിർദ്ദേശം നൽകിയതായി വാർത്തകൾ പരന്നിരുന്നു. കോതമംഗലത്തെ വിവാഹപാർട്ടിക്കിടെ അറസ്റ്റുചെയ്ത കേസ് കള്ളക്കേസാണെന്നും അത് പുനരന്വേഷിക്കാൻ മന്ത്രിക്ക് ധൈര്യമുണ്ടോയെന്നുമായിരുന്നു ഒളിവിലിരുന്ന് അർജുൻ ആയങ്കി വെല്ലുവിളിച്ചത്.

Also read: