ഇറാൻ ഭരണകൂട അട്ടിമറി പൊളിഞ്ഞതിന് കടുത്ത നടപടി; ഇന്റലിജൻസ് മേധാവിമാരെ പുറത്താക്കി മൊസാദ് | Iran Regime Plan Failed Mossad Chiefs Fired
തെൽ അവീവ്: ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ അട്ടിമറിക്കാൻ തയാറാക്കിയ രഹസ്യ സൈനിക-ചാര പദ്ധതി വൻ പരാജയമായി മാറിയതിന് പിന്നാലെ, ഇസ്രയേലിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി തുടങ്ങി(Iran Regime Plan Failed Mossad Chiefs Fired). ദേശീയ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽ വൻ അഴിച്ചുപണി ആരംഭിച്ചതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ ആസൂത്രണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ട് ഉന്നത ഉദ്യോഗസ്ഥരെ മൊസാദ് ഡയറക്ടർ ജനറൽ മേജർ ജനറൽ റോമൻ ഗോഫ്മാൻ പുറത്താക്കിയതായി ‘ടൈംസ് ഓഫ് ഇസ്രയേൽ’ റിപ്പോർട്ട് ചെയ്തു.
സ്ഥാനത്തുനിന്നും നീക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാൾ കഴിഞ്ഞ ഡിസംബറിൽ ചുമതലയേറ്റ മൊസാദിന്റെ ഇന്റലിജൻസ് ഡയറക്ടറേറ്റ് തലവനാണ്. മറ്റൊരാൾ മൊസാദിന്റെ ഇന്റലിജൻസ് ഏജൻസിയിലെ ‘ഇറാൻ ഡിവിഷൻ’ തലവനുമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുരക്ഷാ കാരണങ്ങളാൽ ഇവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
ഇറാന്റെ പതനം ലക്ഷ്യമിട്ട ‘കുർദിഷ് അട്ടിമറി പദ്ധതി’: എന്തായിരുന്നു മൊസാദിന്റെ നീക്കം? | Iran Regime Plan Failed Mossad Chiefs Fired
ഇറാനിൽ ഭരണകൂട മാറ്റം ലക്ഷ്യമിട്ട് മൊസാദും അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയും ചേർന്ന് രൂപം നൽകിയ തന്ത്രപരമായ പദ്ധതിയുടെ പ്രധാന ആസൂത്രകരായിരുന്നു പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർ. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാനെതിരെ യുദ്ധം ആരംഭിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബോധ്യപ്പെടുത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നയിച്ച പ്രധാന വാദങ്ങളിലൊന്ന് ഈ അട്ടിമറി പദ്ധതിയായിരുന്നു.
കുർദിഷ് അതിർത്തി വഴിയുള്ള അധിനിവേശമായിരുന്നു മൊസാദ് ലക്ഷ്യമിട്ടത്. ഇറാഖ് അതിർത്തിയോട് ചേർന്നുള്ള ഇറാനിയൻ കുർദിസ്ഥാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേലും അമേരിക്കയും കനത്ത വ്യോമാക്രമണം നടത്തും. വ്യോമാക്രമണത്തിൽ ഐ.ആർ.ജി.സി ദുർബലമാകുന്നതോടെ ഇറാഖി അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന കുർദ് വംശജരായ സായുധ പോരാളികൾക്ക് ഇറാൻ മണ്ണിലേക്ക് കടന്നുകയറാൻ വഴിയൊരുക്കുകയായിരുന്നു ആസൂത്രണം ചെയ്തിരുന്നത്.
ഈ സൈനിക നീക്കത്തിന് പിന്തുണയുമായി വടക്കുപടിഞ്ഞാറൻ ഇറാനിലെ ആയിരക്കണക്കിന് യുവാക്കളായ കുർദുകൾ തെരുവിലിറങ്ങും. ഇത് പിന്നീട് തെഹ്‌റാൻ വരെ പടരുന്ന വൻ ജനകീയ പ്രക്ഷോഭമായി മാറുമെന്നും മൊസാദ് കണക്കുകൂട്ടി. ലക്ഷക്കണക്കിന് ഇറാൻ പൗരന്മാർ ഭരണകൂടത്തിനെതിരെ അണിനിരക്കുന്നതോടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിപബ്ലിക് തകരുകയും, തങ്ങളുടെ കൂടി താൽപര്യത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിൽ വരികയും ചെയ്യുമെന്നായിരുന്നു മൊസാദ് തയാറാക്കിയ മാസ്റ്റർപ്ലാൻ.
നെജാദിനെ പ്രധാനമന്ത്രിയാക്കാൻ നീക്കം | Iran Regime Plan Failed Mossad Chiefs Fired
ഇറാനിലെ നിലവിലെ ഭരണകൂടം വീണാൽ പകരം രാജ്യം ഭരിക്കാൻ മുൻ തീവ്രവലതുപക്ഷ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിനെ പ്രതിഷ്ഠിക്കാനായിരുന്നു മൊസാദിന്റെ പദ്ധതി. നെജാദിനെ തങ്ങളുടെ വശത്താക്കാൻ ഇസ്രയേൽ വർഷങ്ങളോളം രഹസ്യ നീക്കങ്ങൾ നടത്തിയിരുന്നതായി കഴിഞ്ഞ മാസം ‘ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തിരുന്നു.
ഹംഗറിയിൽ നടന്ന ഒരു അക്കാദമിക് കോൺഫറൻസിനിടെ അന്നത്തെ മൊസാദ് തലവൻ ഡേവിഡ് ബാർണിയയും അഹമ്മദി നെജാദും തമ്മിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. യുദ്ധത്തിന്റെ തുടക്കത്തിൽ വീട്ടുതടങ്കലിലായിരുന്ന നെജാദിനെ മോചിപ്പിക്കാനായി അദ്ദേഹത്തിന്റെ തെഹ്‌റാനിലെ വസതിക്ക് കാവൽ നിന്ന കാവൽക്കാരെ ലക്ഷ്യമിട്ട് ഇസ്രയേൽ വ്യോമസേന ബോംബാക്രമണം നടത്തി. എന്നാൽ, ആക്രമണത്തിൽ പരിക്കേറ്റ നെജാദ് പിന്നീട് ഈ അട്ടിമറി നീക്കത്തിൽനിന്ന് പിന്മാറുകയും പദ്ധതിയിൽ സംശയം പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് ഇസ്രയേൽ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.
പദ്ധതി തകർന്നത് എന്തുകൊണ്ട്? | Iran Regime Plan Failed Mossad Chiefs Fired
വൻ പ്രതീക്ഷയോടെ ആരംഭിച്ച അട്ടിമറി പദ്ധതി തുടക്കത്തിൽ തന്നെ തകർന്നടിയുകയായിരുന്നു. പദ്ധതി പരാജയപ്പെടാൻ ഇടയാക്കിയ പല കാരണങ്ങളും മൊസാദ് നിരത്തുന്നുണ്ട്. മൊസാദിന്റെ അതിരഹസ്യ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെയും നയതന്ത്ര ഉദ്യോഗസ്ഥരിലൂടെയും മുൻകൂട്ടി ചോർന്നു എന്നതായിരുന്നു അതിലൊന്ന്.
കുർദ് സായുധ സംഘങ്ങൾക്ക് സ്വതന്ത്ര ഇറാൻ മണ്ണിൽ മുൻതൂക്കം ലഭിക്കുന്നത് തങ്ങളുടെ രാജ്യത്തെ കുർദിഷ് വിമതർക്ക് കരുത്താകുമെന്ന് ഭയന്ന തുർക്കി, പദ്ധതിക്കെതിരെ കടുത്ത നിലപാടെടുത്തതായും മൊസാദ് വാദിക്കുന്നുണ്ട്. ഇസ്രയേലിന്റെയും അമേരിക്കയുടെയും വ്യോമസൈനിക പിന്തുണയിൽ പൂർണമായി വിശ്വാസമർപ്പിക്കാൻ ഇറാഖിലെ കുർദിഷ് നേതാക്കൾ തയാറാകാത്തതും തിരിച്ചടിയായി.
ഇറാൻ ഭരണകൂടം അതിവേഗം തകരുമെന്ന ഇസ്രയേലിന്റെയും മൊസാദിന്റെയും കണക്കുകൂട്ടലുകൾ തികച്ചും വിഡ്ഢിത്തവും വെറും സങ്കൽപ്പവും മാത്രമായിരുന്നുവെന്ന് സി.ഐ.എ മേധാവിയും സ്റ്റേറ്റ് സെക്രട്ടറിയും പിന്നീട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനു പിന്നാലെ നെതന്യാഹുവിനെ വിളിച്ച് ട്രംപ് ശകാരിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
അഴിച്ചുപണിയും ആഭ്യന്തര ഭിന്നതയും | Iran Regime Plan Failed Mossad Chiefs Fired
പദ്ധതി പൂർണമായി പരാജയപ്പെട്ടതോടെയാണ് മൊസാദ് ഡയറക്ടർ റോമൻ ഗോഫ്മാൻ നടപടിക്ക് മുതിർന്നത്. പുതിയ മൊസാദ് ഡയറക്ടറായി ചുമതലയേറ്റ ഗോഫ്മാനും പുറത്താക്കപ്പെട്ട രണ്ട് ഉദ്യോഗസ്ഥരും തമ്മിൽ ആദ്യം മുതൽ തന്നെ മികച്ച പ്രവർത്തന ബന്ധം ഉണ്ടായിരുന്നില്ലെന്ന് സെക്യൂരിറ്റി വൃത്തങ്ങൾ പറയുന്നു. യു.എസ് പ്രസിഡന്റ് ട്രംപിന് മുന്നിൽ സമർപ്പിച്ച പദ്ധതി നടപ്പിലാക്കാൻ കഴിയാതെ ഇസ്രയേലിന് അന്താരാഷ്ട്രതലത്തിൽ നാണക്കേടുണ്ടാക്കിയതാണ് ഇവർക്കെതിരെയുള്ള പ്രധാന കുറ്റം
നടപടി കടുത്തതാണെങ്കിലും, ഇരു ഉദ്യോഗസ്ഥരെയും മൊസാദിൽനിന്ന് പൂർണമായി പുറത്താക്കിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഏജൻസിക്കുള്ളിലെ പുനഃസംഘടനയുടെ ഭാഗമായി പരസ്പര ധാരണയോടെയാണ് ഇവരെ മാറ്റിയതെന്നും, ഇവർ ഏജൻസിയിൽ മറ്റ് പദവികളിൽ തുടരുമെന്നും സുരക്ഷാ വൃത്തങ്ങൾ അവകാശപ്പെടുന്നു.
മൊസാദ് ഏജന്റുമാർക്കെതിരെ നടപടിയുമായി ഇറാൻ | Iran Regime Plan Failed Mossad Chiefs Fired
മൊസാദിലെ ആഭ്യന്തര തർക്കങ്ങൾ പുറത്തുവരുന്നതിനിടെ, രാജ്യത്തിനുള്ളിൽ പ്രവർത്തിച്ചിരുന്ന വൻ ഇസ്രയേലി ചാര ശൃംഖലയെ തകർത്തതായി ഇറാൻ പ്രഖ്യാപിച്ചു. കെർമാൻ പ്രവിശ്യയിലെ അതീവ സംവേദനക്ഷമതയുള്ള സൈനിക-വ്യോമപ്രതിരോധ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മൊസാദിന് ചോർത്തി നൽകിയ 21 പേരെ അറസ്റ്റ് ചെയ്തതായി ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം വ്യക്തമാക്കി.
മറ്റൊരു റെയ്ഡിൽ മാരകായുധങ്ങളുമായി നാല് പേരെക്കൂടി തടവിലാക്കിയതായി ഇറാന്റെ മീസാൻ വാർത്താ ഏജൻസി അറിയിച്ചു. മൊസാദിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കവും അടിച്ചമർത്തുമെന്നും ഇറാൻ വ്യക്തമാക്കി.
പശ്ചിമേഷ്യൻ യുദ്ധം സങ്കീർണമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ, ഇസ്രയേലിന്റെ ഏറ്റവും വലിയ കരുത്തായ മൊസാദിന്റെ ഉള്ളിലെ ഈ ഭിന്നതയും അട്ടിമറി പദ്ധതിയുടെ പരാജയവും ഇസ്രയേൽ പ്രതിരോധ വകുപ്പിനും പ്രധാനമന്ത്രി നെതന്യാഹുവിനും വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.