ഇസ്ലാം സ്വീകരിച്ച യുവതികളെ വീട്ടുതടങ്കലിലാക്കി: പിതാവിനും യുപി സർക്കാരിനും 25 ലക്ഷം രൂപ പിഴയിട്ട് ഹൈക്കോടതി
ലക്നൗ: ഉത്തർപ്രദേശിൽ ഇസ്ലാം മതം സ്വീകരിച്ച രണ്ട് മുതിർന്ന സഹോദരിമാരെ വീട്ടുതടങ്കലിലാക്കിയ സംഭവത്തിൽ പിതാവിനും സംസ്ഥാന സർക്കാരിനുമെതിരെ അലഹബാദ് ഹൈക്കോടതിയുടെ നിർണായക വിധി. പ്രായപൂർത്തിയായ യുവതികളെ നിയമവിരുദ്ധമായി തടവിലാക്കിയതിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഇവരെ ഉടൻ മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു.
ദിയ ഭാട്ടിയ (20), അൻഷു ഭാട്ടിയ (35) എന്നിവർ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹരജിയിലാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവ് പുറപ്പെടുവിച്ചത്. നഷ്ടപരിഹാര തുകയുടെ 50 ശതമാനം പിതാവായ അനിൽ കുമാർ ഭാട്ടിയയിൽ നിന്നും ബാക്കി തുക തടങ്കലിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കാൻ കോടതി സർക്കാരിന് അനുമതി നൽകി.
സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും ഭീഷണിയോ സമ്മർദ്ദമോ ഇല്ലെന്നും യുവതികൾ കോടതിയെ അറിയിച്ചു. പ്രായപൂർത്തിയായ പൗരന്മാർക്ക് വിശ്വാസം, താമസം, വ്യക്തി സ്വാതന്ത്ര്യം എന്നിവ തീരുമാനിക്കാൻ പൂർണ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ഇവരെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിക്കണമെന്നും നിർദേശിച്ചു.
യുവതികളുടെ പാസ്പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, ബാങ്ക് രേഖകൾ എന്നിവ ഏഴ് ദിവസത്തിനകം തിരികെ നൽകാൻ പിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവർക്ക് ആവശ്യമെങ്കിൽ പൊലീസ് സംരക്ഷണം ഉറപ്പാക്കണം. മതപരിവർത്തനവുമായി ബന്ധപ്പെട്ട് പിതാവ് നൽകിയ പരാതിയിൽ അന്വേഷണം തുടരാമെങ്കിലും, അതിന്റെ പേരിൽ വ്യക്തിസ്വാതന്ത്ര്യം തടയനാവില്ലെന്ന് കോടതി വ്യക്തമാക്കി.