യുകെയിൽ മലയാളി യുവതിക്ക് അപൂർവരോഗം; ജീവൻ രക്ഷിക്കാൻ സ്റ്റെം സെൽ ദാതാവിനെ തേടുന്നു
പ്രസ്റ്റൺ: ജീവന് ഭീഷണിയാകുന്ന അപൂർവ രക്തസംബന്ധമായ രോഗത്തോട് പൊരുതുന്ന മലയാളി യുവതി അനുയോജ്യനായ സ്റ്റെം സെൽ ദാതാവിനായി കാത്തിരിക്കുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന മലപ്പുറം മഞ്ചേരി സ്വദേശി റഫിയ ഷെറിനാണ് (30) അപ്ലാസ്റ്റിക് അനീമിയ (Aplastic Anaemia) ബാധിച്ച് ചികിത്സയിലുള്ളത്. പുതിയ രക്തകോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അസ്ഥിമജ്ജയുടെ പ്രവർത്തനം പൂർണമായും നിലയ്ക്കുന്ന അവസ്ഥയാണിത്.
2019-ൽ ഉപരിപഠനത്തിനായി യുകെയിലെത്തിയ റഫിയ, കഴിഞ്ഞ ജൂണിൽ സുഹൃത്തുക്കൾക്കൊപ്പം സെർബിയ, ഈജിപ്ത് രാജ്യങ്ങളിൽ നടത്തിയ യാത്രയ്ക്കൊടുവിൽ നേരിട്ട ഭക്ഷ്യവിഷബാധയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗവിവരം തിരിച്ചറിഞ്ഞത്. കടുത്ത ക്ഷീണവും മറ്റ് പ്രയാസങ്ങളും തുടർന്നതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് അടിയന്തരമായി രക്തം മാറ്റിവെക്കേണ്ട അവസ്ഥയാണെന്ന് വ്യക്തമായത്. നിലവിൽ ആഴ്ചയിൽ രണ്ടുതവണ റഫിയക്ക് രക്തം മാറ്റിവെക്കേണ്ടതുണ്ട്.
ദക്ഷിണേഷ്യൻ പശ്ചാത്തലമുള്ളവർക്ക് അനുയോജ്യരായ സ്റ്റെം സെൽ ദാതാക്കളെ കണ്ടെത്തുന്നത് വലിയ വെല്ലുവിളിയാണ്. യുകെയിലെ ജനസംഖ്യയുടെ ഏഴ് ശതമാനം പേർ മാത്രമാണ് സ്റ്റെം സെൽ രജിസ്റ്ററിൽ പേര് ചേർത്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ രോഗാവസ്ഥയെക്കുറിച്ച് ബോധവൽക്കരണം നടത്താനും കൂടുതൽ പേരെ സ്റ്റെം സെൽ രജിസ്ട്രിയിലേക്ക് ആനയിക്കാനും റഫിയ മുന്നിലുണ്ട്.
റഫിയയെയും സമാന അവസ്ഥയിലുള്ളവരെയും സഹായിക്കുന്നതിനായി ഈ മാസം 15-ന് മലപ്പുറം മഞ്ചേരി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റെം സെൽ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കും. ഡികെഎംഎസ് വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന സ്വാബ് കിറ്റ് ഉപയോഗിച്ച് ലളിതമായി ഈ രജിസ്ട്രേഷന്റെ ഭാഗമാകാം. ചെറുപ്പകാലം തൊട്ടേ ഗ്രീൻ പാലിയേറ്റീവ് അടക്കമുള്ള സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു റഫിയ.