നവീൻ ബാബുവിന്റെ മകൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് കൈമാറി
തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് നിയമന ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാണ് നിരഞ്ജന ജോലിയില പ്രവേശിക്കാനുള്ള ഉത്തരവ് കൈപ്പറ്റിയത്. നവീൻ ബാബുവിന്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരൻ, പഴകുളം മധു എം.എൽ.എ എന്നിവരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫിസറായാണ് നിരഞ്ജനയ്ക്ക് സർക്കാർ നിയമനം നൽകിയിരിക്കുന്നത്.
2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂർ കലക്ടറേറ്റിൽ വെച്ച് നടന്ന യാത്രയയപ്പ് ചടങ്ങിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അദ്ദേഹത്തെ പരസ്യമായി അധിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അന്ത്യം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം പിന്നീട് സർക്കാർ സി.ബി.ഐക്ക് വിട്ടിരുന്നു. സംഭവത്തിൽ സി.പി.എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യയാണ് കേസിലെ പ്രതി.