03/09/2026
[fontresizer_tawhidurrahmandear_widget]

‘ഡൽഹി ചലോ’ സമരം: സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റെയിൽവേ റദ്ദാക്കി; സമരം പൊളിക്കാൻ കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

 ‘ഡൽഹി ചലോ’ സമരം: സിപിഐ ബുക്ക് ചെയ്ത ട്രെയിൻ റെയിൽവേ റദ്ദാക്കി; സമരം പൊളിക്കാൻ കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

ന്യൂഡൽഹി: സെപ്റ്റംബർ ഒന്നിന് രാംലീല മൈതാനിയിൽ നടക്കുന്ന ‘ഡൽഹി ചലോ’ സമരത്തിനായി സി.പി.ഐ ബുക്ക് ചെയ്ത പ്രത്യേക ട്രെയിൻ റെയിൽവേ റദ്ദാക്കി. മുൻകൂറായി അടച്ച 10 ലക്ഷം രൂപ റെയിൽവേ തിരികെ അക്കൗണ്ടിലേക്ക് അയക്കുകയും ചെയ്തു.

സമരത്തിൽ പങ്കെടുക്കാൻ പോകുന്നവരുടെ തിരക്ക് മൂലം യാത്ര പ്രതിസന്ധിയിലാകാതിരിക്കാനാണ് 22 ബോഗികളുള്ള ഒരു ട്രെയിൻ തന്നെ വാടകയ്‌ക്കെടുക്കാൻ പാർട്ടി തീരുമാനിച്ചത്. എന്നാൽ ഇതിനുപിന്നാലെയാണ് റെയിൽവേ യാത്ര റദ്ദാക്കിയത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് ശക്തമായ പ്രതിഷേധ റാലി നടത്താനായിരുന്നു സി.പി.ഐയുടെ പദ്ധതി. ഇതിനായി കേരളത്തിൽനിന്ന് വൻതോതിൽ നേതാക്കളെയും പ്രവർത്തകരെയും ഡൽഹിയിൽ എത്തിക്കാനാണ് ട്രെയിൻ ബുക്ക് ചെയ്തത്. 1400-ലധികം പ്രവർത്തകരും വളന്റീയർമാരും കർഷക-തൊഴിലാളി സംഘടനാ പ്രതിനിധികളും ഡൽഹിയിലെത്തുമെന്നായിരുന്നു പാർട്ടി കണക്കുകൂട്ടിയിരുന്നത്.

ഓഗസ്റ്റ് 29-ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് ഓഗസ്റ്റ് 31-ന് ഡൽഹിയിൽ എത്തുന്ന രീതിയിലായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്. സമരത്തിന് ശേഷം സെപ്റ്റംബർ രണ്ടിന് പുറപ്പെട്ട് നാലിന് തിരുവനന്തപുരത്ത് തിരികെയെത്തുന്ന തരത്തിലായിരുന്നു പദ്ധതി. 18 തേർഡ് എസി കമ്പാർട്ട്മെന്റുകളും രണ്ട് നോൺ എസി ബോഗികളുമുള്ള ട്രെയിനാണ് പാർട്ടി നേതൃത്വം ബുക്ക് ചെയ്തിരുന്നത്. കൂടാതെ തമിഴ്‌നാട്ടിൽ നിന്നുള്ളവരെ എത്തിക്കാൻ ബുക്ക് ചെയ്ത മറ്റ് രണ്ട് ട്രെയിനുകളും റെയിൽവേ റദ്ദാക്കിയെന്നാണ് വിവരം. സമരം തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് ഇതിന് പിന്നിലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആരോപിച്ചു.

ട്രെയിനിൽ ഡൽഹിക്ക് പോകാനായി 10 ലക്ഷം രൂപ റെയിൽവേക്ക് നൽകിയിരുന്നെങ്കിലും ഇന്നലെ ആ തുക ബാങ്കിൽ തിരികെ വന്നതായി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ഏതോ ഒരു അക്കൗണ്ടിൽ നിന്നാണ് പണം വന്നതെന്നും ട്രെയിൻ റദ്ദാക്കിയ അറിയിപ്പ് ഇന്നലെയാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ജനങ്ങളെ തോൽപ്പിക്കാൻ നോക്കുകയാണെന്നും, എന്നാൽ സമരവുമായി മുന്നോട്ട് പോകുമെന്നും സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും പ്രവർത്തകർ ഡൽഹിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽനിന്ന് ഒരു രാഷ്ട്രീയപാർട്ടി തീവണ്ടി മുഴുവനായി വാടകയ്‌ക്കെടുത്ത് സമരത്തിന് പോകുന്നത് ഇതാദ്യമായിട്ടായിരുന്നു. വിലക്കയറ്റം തടയുക, യുവാക്കൾക്ക് തൊഴിലവസരം ഉറപ്പാക്കുക, സാർവത്രിക ആരോഗ്യ-വിദ്യാഭ്യാസ അവകാശങ്ങൾ നടപ്പിലാക്കുക, വനിതാ സംവരണം ഉടനടി നടപ്പാക്കുക, താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരണ്ടി നൽകുക, തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുക, ബാലറ്റ് പേപ്പർ പുനഃസ്ഥാപിക്കുക, ജനാധിപത്യവും ദളിത്-ഗോത്ര വിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുക തുടങ്ങി എട്ട് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

Also read: