03/09/2026
[fontresizer_tawhidurrahmandear_widget]

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിജയിക്കൊപ്പം തൃഷയും; വിജയിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം മുന്‍നിരയില്‍ 

 സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിജയിക്കൊപ്പം തൃഷയും; വിജയിയുടെ മാതാപിതാക്കള്‍ക്ക് ഒപ്പം മുന്‍നിരയില്‍ 

ചെന്നൈ: തമിഴ്‌നാട് സർക്കാർ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ തെന്നിന്ത്യൻ നടി തൃഷ കൃഷ്ണന്റെ സാന്നിധ്യം ശ്രദ്ധേയമായി. ചെന്നൈ ഫോർട്ട് സെന്റ് ജോർജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വിജയ് ദേശീയ പതാകയുയർത്തി. മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള വിജയിയുടെ ആദ്യത്തെ പ്രധാന ഔദ്യോഗിക ചടങ്ങായിരുന്നു ഇത്.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് മുന്നോടിയായി വിജയിയുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറിനും മാതാവിനും ഒപ്പം തൃഷ മുൻനിരയിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. വിഐപി വിഭാഗത്തിലായിരുന്നു അമ്മയോടൊപ്പം എത്തിയ തൃഷയ്ക്ക് ഇരിപ്പിടമൊരുക്കിയിരുന്നത്. സിനിമാ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. നേരത്തെ, വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ പങ്കെടുത്തിരുന്നു.

പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ, ജനങ്ങൾക്ക് ഐക്യബോധം ഉണ്ടാകുമ്പോഴാണ് ജാതിമതഭേദങ്ങൾ മറികടന്നുള്ള യഥാർത്ഥ സ്വാതന്ത്ര്യം ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. തുടർന്ന് വിവിധ ഔദ്യോഗിക പരിപാടികളിലും പരേഡിലും വിജയ് പങ്കെടുത്തു.

കഴിഞ്ഞ മേയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ തൃഷ എത്തിയത് മുതൽ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള ചർച്ചകൾ നടന്നിരുന്നു. വിജയിയുടെ ഭാര്യ സംഗീത വിവാഹമോചന ഹരജി നൽകിയെന്ന വാർത്തകൾക്കിടെയായിരുന്നു ഇത്. എന്നാൽ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ താരങ്ങൾ പ്രതികരിച്ചിട്ടില്ല. അതേസമയം, സംഗീത ഹരജി പിൻവലിച്ചെന്നും ഒത്തുതീർപ്പിലായെന്നുമുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്.

Also read: