പിണറായി കമന്റിട്ട ‘കുട്ടി സഖാവ്’; മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയ ‘കുട്ടി സഖാവ്’ എന്ന പേജും അക്കൗണ്ടും നീക്കം ചെയ്ത് മെറ്റ. വൈറൽ ബാലതാരം മുഹമ്മദ് സിയാന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടാണ് നിലവിൽ അപ്രത്യക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ ‘കുട്ടി സഖാക്കളെ’ സോഷ്യൽ മീഡിയയ്ക്ക് പരിചയപ്പെടുത്തിക്കൊണ്ട് സിയാൻ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഈ വീഡിയോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖ നേതാക്കൾ കമന്റുമായി എത്തുകയും ചെയ്തിരുന്നു. പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് പിന്നാലെയാണ് അക്കൗണ്ട് അപ്രത്യക്ഷമായത്.
“സഖാക്കളേ എന്താ പാട്, സുഖമല്ലേ..” എന്ന് ചോദിച്ചുകൊണ്ടായിരുന്നു സിയാൻ വീഡിയോ ആരംഭിച്ചത്. തുടർന്ന് തങ്ങളുടെ ബാലസംഘം യൂണിറ്റിന്റെ പ്രസിഡന്റിനെയും സെക്രട്ടറിയെയും വീഡിയോയിലൂടെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ‘ലാൽ സലാം’ എന്ന കമന്റുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. എന്നാൽ ഇതിന് തൊട്ടുപിന്നാലെ അക്കൗണ്ട് അപ്രത്യക്ഷമായതോടെ വലിയ രോഷമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. “കൊച്ചു കുട്ടിയുടെ രാഷ്ട്രീയത്തെ പോലും ഭയക്കുന്നതാരാണ്?”, “തോൽപ്പിക്കാൻ ആവില്ല കുട്ടി സഖാവിനെ”, “ചില ആളുകളെ ഈ വീഡിയോ നന്നായി ഭയപ്പെടുത്തിയിട്ടുണ്ടെന്ന് മനസ്സിലായി!” എന്നിങ്ങനെ പോകുന്ന പ്രതികരണങ്ങളാണ് വരുന്നത്.
സമീപകാലത്ത് പ്രമുഖ മാധ്യമങ്ങളുടേത് ഉൾപ്പെടെ നിരവധി പോസ്റ്റുകളും അക്കൗണ്ടുകളും മെറ്റ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ ഫെയ്സ്ബുക് പോസ്റ്റുകളും ഇത്തരത്തിൽ നീക്കപ്പെട്ടവയിൽ പെടുന്നു. എന്നാൽ എഐ (AI) സോഫ്റ്റ്വെയറിൽ വരുത്തിയ സാങ്കേതിക അപ്ഡേഷനും അതിലുണ്ടായ പിഴവുകളുമാണ് പോസ്റ്റുകൾ അപ്രത്യക്ഷമാകാൻ കാരണമായതെന്നാണ് കമ്പനി നൽകിയ ഔദ്യോഗിക വിശദീകരണം. ബാഹ്യമായ ഇടപെടലുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും നീക്കം ചെയ്ത കണ്ടന്റുകൾ പുനഃസ്ഥാപിച്ചതായും മെറ്റ പിന്നീട് അറിയിക്കുകയും ചെയ്തു.
അതേസമയം, വാർത്താ മാധ്യമങ്ങളുടെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതിന് പിന്നിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടുത്ത സമ്മർദ്ദമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇതൊരു സ്വാഭാവിക നടപടിയാകാൻ സാധ്യതയില്ലെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടോ എന്ന് പ്രത്യേകമായി അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടിരുന്നു.
മുഹമ്മദ് സിയാൻ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഇതാദ്യമായല്ല. മുൻപ് തിരഞ്ഞെടുപ്പ് കാലത്തും സിയാൻ ശ്രദ്ധ നേടിയിരുന്നു. അന്ന് താൻ പിന്തുണച്ച സ്ഥാനാർത്ഥി പരാജയപ്പെട്ടതിനെ തുടർന്ന് എട്ടുവയസ്സുകാരനായ സിയാൻ തല മൊട്ടയടിക്കുകയായിരുന്നു. താൻ വാക്ക് പാലിക്കുന്ന ഒരു സഖാവാണെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു അന്ന് സിയാൻ മൊട്ടയടിച്ചത്.