04/09/2026
[fontresizer_tawhidurrahmandear_widget]

‘സ്വദേശ് സിനിമ നൽകിയ പ്രചോദനമാണ് അമേരിക്കൻ ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിച്ചത്; ലക്ഷ്യം ഗ്രാമവികസനം- അഭിജിത് ദീപ്കെ

 ‘സ്വദേശ് സിനിമ നൽകിയ പ്രചോദനമാണ് അമേരിക്കൻ ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിച്ചത്; ലക്ഷ്യം ഗ്രാമവികസനം- അഭിജിത് ദീപ്കെ

മുംബൈ: ഷാരൂഖ് ഖാൻ നായകനായ ‘സ്വദേശ്’ എന്ന ചിത്രം തൻ്റെ ജീവിതത്തിൽ ചെലുത്തിയ വലിയ സ്വാധീനത്തെക്കുറിച്ച് മനസ്സ് തുറന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജിത് ദീപ്കെ. നൂറിലധികം തവണ കണ്ട ഈ ചിത്രം നൽകിയ വലിയ തിരിച്ചറിവാണ് അമേരിക്കയിലെ സുഖലോലുപമായ ജീവിതവും ഉയർന്ന ജോലിയും ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങാനും ജനങ്ങൾക്കായി പ്രവർത്തിക്കാനും പ്രേരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചിത്രത്തിൽ നായകൻ മോഹൻ പാവപ്പെട്ട കുടുംബത്തിന്റെ ദുരിതങ്ങൾ കാണുന്നതും, റെയിൽവേ സ്റ്റേഷനിൽ ഒരു കുട്ടി വെള്ളം വിൽക്കുന്നതുമായ രംഗങ്ങൾ കണ്ടപ്പോഴെല്ലാം കരഞ്ഞുപോയിട്ടുണ്ടെന്ന് ദീപ്കെ ഓർത്തെടുത്തു. ചിത്രത്തിലെ നായകൻ ചരൺപൂർ ഗ്രാമത്തിന് വേണ്ടി ചെയ്തതുപോലെ സ്വന്തം നാടിനായി എന്തെങ്കിലും ചെയ്യണമെന്ന വലിയ ആഗ്രഹമാണ് തന്നിൽ രൂപപ്പെട്ടത്.

തുടർന്ന്, നാടിൻ്റെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ നേരിട്ട് കണ്ട് പരിഹരിക്കാനായി അദ്ദേഹം ഗ്രാമത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ശബ്ദമാകാനും ഗ്രാമീണ വികസനത്തിനായുമാണ് താൻ കോക്രോച്ച് ജനതാ പാർട്ടി എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന്റെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള തൻ്റെ ഗ്രാമത്തിൽ നിന്ന് ‘സ്കൂൾ ഠീക് കരോ’ എന്ന പ്രചാരണത്തിനും അഭിജിത് ദീപ്കെ തുടക്കം കുറിച്ചു. സർക്കാർ സ്കൂളുകളിൽ കുടിവെള്ളം, ശുചിമുറി, ഇരിപ്പിടങ്ങൾ, ജനലുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് ആരോപിച്ച അദ്ദേഹം, സംസ്ഥാനത്തെ കൂടുതൽ സ്കൂളുകൾ സന്ദർശിച്ച് സൗകര്യങ്ങളെക്കുറിച്ച് സോഷ്യൽ ഓഡിറ്റ് നടത്താൻ രക്ഷിതാക്കളോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിക്കഴിഞ്ഞു.

Also read: