17/08/2026
[fontresizer_tawhidurrahmandear_widget]

പല്ലുകടിയും താടിയെല്ല് വേദനയും നിസ്സാരമാക്കരുത്; കാരണം ഈ രോഗമാകാം

 പല്ലുകടിയും താടിയെല്ല് വേദനയും നിസ്സാരമാക്കരുത്; കാരണം ഈ രോഗമാകാം

രാവിലെ ഉണരുമ്പോൾ താടിയെല്ലിലും പല്ലിലും സഹിക്കാനാവാത്ത വേദന അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഉറക്കത്തിൽ നിങ്ങൾ അറിയാതെ പല്ലുകടിക്കുന്നതാകാം ഇതിന് കാരണം. വൈദ്യശാസ്ത്രത്തിൽ ‘ബ്രക്സിസം’ (Bruxism) എന്നറിയപ്പെടുന്ന ഈ അവസ്ഥ ഏത് പ്രായക്കാരിലും ഉണ്ടാകാം. മിക്കപ്പോഴും ഉറക്കത്തിലാണ് ആരും അറിയാതെ പല്ലുകടിക്കുന്നത് ഉണ്ടാകുന്നതെങ്കിലും, ഉണർന്നിരിക്കുമ്പോഴും ചിലരിൽ ഇത് കാണാറുണ്ട്. കഠിനമായ ജോലി ചെയ്യുമ്പോഴും വണ്ടി ഓടിക്കുമ്പോഴും വായനയിലോ എഴുത്തിലോ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴുമെല്ലാം ആളുകൾ അറിയാതെ താടിയെല്ലുകൾ അമർത്തിപ്പിടിക്കാറുണ്ട്.

പ്രധാന ലക്ഷണങ്ങൾ

പല്ലുകടിയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം തലവേദനയാണ്. ഇതുകൂടാതെ പേശിവേദന, മുഖത്തെ പേശികൾ തടിയ്ക്കുക, താടിയെല്ലിലെ സന്ധികളിൽ (TMJ) അസ്വസ്ഥത, കഴുത്തിലും തോളിലും കാഠിന്യം, ചെവിവേദന, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകാം. ക്രമേണ പല്ലുകൾക്ക് തേയ്മാനം സംഭവിക്കുകയും പല്ലുകൾ ഇളകുകയോ പൊട്ടിപ്പോവുകയോ ചെയ്യാനും ഇത് കാരണമാകുന്നു.

കാരണങ്ങൾ

മാനസികസമ്മർദ്ദം, ഉത്കണ്ഠ, പുകവലി, അമിതമായ മദ്യപാനം, കഫീൻ ഉപയോഗം, വിഷാദം, ഉറക്കമില്ലായ്മ എന്നിവയെല്ലാം പല്ലുകടിക്ക് കാരണമാകാമെങ്കിലും, ഇവ നേരിട്ട് ഇതിലേക്ക് നയിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകളില്ല. എന്നിരുന്നാലും, കൂർക്കംവലി, ‘സ്ലീപ്പ് ആപ്നിയ’ തുടങ്ങിയ ഉറക്ക വൈകല്യമുള്ളവരിലും തെറ്റായ ജീവിതശൈലി പിന്തുടരുന്നവരിലും ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നു. ഏകദേശം 70 ശതമാനം ആളുകളിലും മാനസികസമ്മർദ്ദവും ഉത്കണ്ഠയുമാണ് പല്ലുകടിക്ക് പ്രധാന കാരണമാകുന്നത്.

ചികിത്സാരീതികൾ

ഒരു ദന്തഡോക്ടറെ കണ്ട് കൃത്യമായ പരിശോധന നടത്തി രോഗകാരണം കണ്ടെത്തി വേണം ചികിത്സിക്കാൻ:

ഓക്ലൂസൽ അപ്ലയൻസസ് (Occlusal Appliances): പല്ലുകൾക്ക് തേയ്മാനവും കേടുപാടുകളും സംഭവിക്കുന്നത് തടയാൻ സഹായിക്കുന്ന പ്ലാസ്റ്റിക് മൗത്ത് ഗാർഡുകളാണിത് (Night Guards / Splints). ഉറങ്ങുമ്പോൾ പല്ലുകൾക്ക് മുകളിൽ ധരിക്കുന്ന ഇവ താടിയെല്ലിലെ വേദന കുറയ്ക്കാനും പല്ലുകളെ സംരക്ഷിക്കാനും സഹായിക്കും.

മാൻഡിബുലാർ അഡ്വാൻസ്മെന്റ് ഡിവൈസുകൾ (Mandibular Advancement Devices): ഉറക്ക വൈകല്യങ്ങളോ കൂർക്കംവലിയോ മൂലമാണ് പല്ലുകടി ഉണ്ടാകുന്നതെങ്കിൽ താടിയെല്ലിനെ ചെറുതായി മുന്നോട്ട് നിർത്തി ശ്വാസതടസ്സം ഒഴിവാക്കുന്ന ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാറുണ്ട്.

സ്വഭാവരൂപീകരണവും വ്യായാമങ്ങളും (Behavioral Management): മാനസികസമ്മർദ്ദവും ഉത്കണ്ഠയുമാണ് കാരണമെങ്കിൽ ധ്യാനം, റിലാക്സേഷൻ ട്രെയിനിംഗ്, ഹൈപ്നോസിസ് തുടങ്ങിയ രീതികൾ വഴി മനസ്സിനെ ശാന്തമാക്കുന്നത് മികച്ച ഫലം നൽകും.

പല്ലുകടിയും താടിയെല്ല് അമർത്തലും പൂർണ്ണമായി മാറ്റിയെടുക്കാൻ ഒരു ദന്തഡോക്ടറെയോ ഓറൽ ആൻഡ് മാക്സിലോഫേഷ്യൽ സർജനെയോ കണ്ട് കൃത്യമായ ചികിത്സ തേടേണ്ടത് അത്യന്താപേക്ഷിതമാണ്.

Also read: