02/09/2026
[fontresizer_tawhidurrahmandear_widget]

‘പ്രിയപ്പെട്ട ട്രംപ്, ഗ്യാനേഷ് കുമാറിനെ അങ്ങോട്ട് എടുത്തോളൂ; EVM അടുത്ത വിമാനത്തിൽ അയക്കാം’- ട്രംപിന്റെ ട്രൂത്ത് പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്

 ‘പ്രിയപ്പെട്ട ട്രംപ്, ഗ്യാനേഷ് കുമാറിനെ അങ്ങോട്ട് എടുത്തോളൂ; EVM അടുത്ത വിമാനത്തിൽ അയക്കാം’- ട്രംപിന്റെ ട്രൂത്ത് പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്

ന്യൂദൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിന് മറുപടിയുമായി കോൺഗ്രസ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെ അമേരിക്കയിലേക്ക് കൊണ്ടുപോയ്ക്കോളൂ എന്ന് കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ പവൻ ഖേര എക്സിലൂടെ പരിഹസിച്ചു.

അമേരിക്കയിൽ കർശനമായ വോട്ടിങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന സേഫ്‌ഗാർഡ് അമേരിക്കൻ വോട്ടർ എലിജിബിലിറ്റി ആക്‌ടിനെ (സേവ്‌ അമേരിക്ക ആക്‌ട്) ന്യായീകരിച്ചായിരുന്നു ട്രംപിന്റെ പോസ്റ്റ്. വാലിഡ് ആയ ഫോട്ടോ ഐഡി ഇല്ലാതെ യു.എസിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന് ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ചോദിച്ചതായി ട്രംപ് കുറിച്ചിരുന്നു. 64.6 കോടി ആളുകൾ വോട്ട് ചെയ്ത ഇന്ത്യയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തപാൽ വോട്ടെന്നും, വോട്ടർമാർക്ക് ഫോട്ടോ ഐഡി നിർബന്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് യു.എസിൽ സേവ് അമേരിക്ക ആക്റ്റ് പാസാക്കേണ്ടതിന്റെ ആവശ്യകത ട്രംപ് ഉന്നയിച്ചത്.

എന്നാൽ, ഇതിന് മറുപടിയായി പവൻ ഖേര കുറിച്ചത് ഇങ്ങനെയാണ്: “പ്രിയപ്പെട്ട ഡൊണാൾഡ് ട്രംപ്, ദയവായി ഗ്യാനേഷ് കുമാർ ഗുപ്‌തയെ കൂടെ അമേരിക്കയിലേക്ക് കൊണ്ടുപോയ്ക്കോളൂ. അടുത്ത വിമാനത്തിൽ ഇവിടത്തെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും (EVM) ഞങ്ങൾ കയറ്റി അയക്കാം.”

ഇന്ത്യക്കെതിരായ ട്രംപിൻ്റെ അധിക്ഷേപങ്ങൾക്കും ഭീഷണികൾക്കും പകരം ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യമാണിതെന്നും ഖേര കൂട്ടിച്ചേർത്തു. തീവ്ര വോട്ടർ പട്ടികാ പരിഷ്‌കരണത്തെ (SIR) ഓർമിപ്പിച്ച് ‘ടു സാർ വിത്ത് ലവ്, ഫ്രം ഇന്ത്യ’ എന്ന് പറഞ്ഞാണ് ഖേരയുടെ പോസ്റ്റ് അവസാനിക്കുന്നത്.

ഭരണകക്ഷിയായ ബിജെപിയോട് പക്ഷപാതപരമായി ഇടപെടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം ഗ്യാനേഷ് കുമാറിനെതിരെ നിരന്തരം രംഗത്തുവരാറുണ്ട്. വോട്ട് ചോരി ആരോപണങ്ങളും എസ്ഐആറിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെടുന്ന പരാതികളും ഉയർന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ ഈ പ്രതികരണം.

അതേസമയം, യുഎസിലെ തെരഞ്ഞെടുപ്പുകളിൽ വോട്ട് രജിസ്റ്റർ ചെയ്യാൻ പാസ്പോർട്ടോ ജനന സർട്ടിഫിക്കറ്റോ നിർബന്ധമാക്കുന്ന നിയമമാണ് ട്രംപ് മുന്നോട്ട് വെക്കുന്ന സേവ് അമേരിക്ക ആക്ട്. എന്നാൽ, സാധാരണക്കാരായ വോട്ടർമാർക്ക് ഇത് തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ അടക്കമുള്ളവർ ബില്ലിനെ ശക്തമായി എതിർക്കുന്നുണ്ട്.

Also read: