02/09/2026
[fontresizer_tawhidurrahmandear_widget]

വാച്ച് മോഷ്ടിച്ചെന്ന് ആരോപണം: കണ്ണിലും സ്വകാര്യഭാഗത്തും മുളക് തേച്ചു, നഖത്തിൽ ഈര്‍ക്കില്‍ കയറ്റി; കോഴിക്കോട് 12-കാരനോട് ബന്ധുക്കളുടെ ക്രൂരത

 വാച്ച് മോഷ്ടിച്ചെന്ന് ആരോപണം: കണ്ണിലും സ്വകാര്യഭാഗത്തും മുളക് തേച്ചു, നഖത്തിൽ ഈര്‍ക്കില്‍ കയറ്റി; കോഴിക്കോട് 12-കാരനോട് ബന്ധുക്കളുടെ ക്രൂരത

കോഴിക്കോട്: വീട്ടിലെ വാച്ച് മോഷ്ടിച്ചെന്ന സംശയത്തെ തുടർന്ന് പന്ത്രണ്ടുകാരന് നേരെ ബന്ധുക്കളുടെ അതിക്രൂര ഉപദ്രവം. ഓഗസ്റ്റ് ആറിന് കോഴിക്കോട് കൊടുവള്ളിയിലായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടിയെ തന്ത്രപൂർവം വിളിച്ചുകൊണ്ടുപോയ ശേഷം പിതാവിന്റെ സഹോദരൻ, ഭാര്യ, ഇവരുടെ മകൻ എന്നിവർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.

കുട്ടിയുടെ കൈകാലുകൾ കൂട്ടിക്കെട്ടി അടിച്ച് അവശനാക്കിയ ശേഷം കണ്ണുകളിലും സ്വകാര്യ ഭാഗങ്ങളിലും മുളകുവെള്ളം ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് കാൽനഖത്തിൽ ഈർക്കിലും കൈനഖത്തിൽ ടൂത്ത് പിക്കും കുത്തിക്കയറ്റിയെന്നാണ് പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.

മർദനത്തിനിടെ കൈകാലുകൾ കെട്ടിയിട്ടതിന്റെ മുറുക്കം അയഞ്ഞപ്പോൾ അടച്ചിട്ട മുറിയിൽ നിന്ന് പുറത്തുകടന്ന കുട്ടി ടെറസിനോട് ചേർന്നുനിന്ന കവുങ്ങിലൂടെ താഴേക്ക് ഊർന്നിറങ്ങി റോഡിലെത്തുകയായിരുന്നു. വഴിയാത്രക്കാരിലൊരാൾ കുട്ടിയെ കണ്ട് ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. അതേസമയം കുട്ടി മോഷ്ടിച്ചെന്ന് ആരോപിച്ച വാച്ച് പിന്നീട് വീട്ടിൽ നിന്ന് തന്നെ കണ്ടെത്തുകയും ചെയ്തു.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സിഡബ്ല്യുസി വിഷയത്തിൽ അന്വേഷണം നടത്തുകയും നടപടിയെടുക്കാൻ റൂറൽ എസ്പിയോട് നിർദേശിക്കുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ ബന്ധുക്കൾക്കെതിരെ ക്രൂരമായി മർദിച്ചതിനും ആയുധങ്ങളുപയോഗിച്ച് അതിഗുരുതര പരുക്കേൽപ്പിച്ചതിനും അന്യായമായി തടങ്കലിൽ വച്ചതിനും കൊടുവള്ളി പോലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെയുള്ള അതിക്രമമായതിനാൽ ബാലനീതി നിയമപ്രകാരമുള്ള ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമാണ് പന്ത്രണ്ടുകാരൻ നിലവിൽ താമസിച്ചുവരുന്നത്. കൗൺസിലിങ് നൽകിയ ശേഷം കുട്ടിയെ സിഡബ്ല്യുസിയുടെ താൽകാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Also read: