‘ഒരു കോടി വാങ്ങി വഞ്ചിച്ചു’; ബാദുഷയ്ക്കെതിരെ ആരോപണവുമായി വോയ്സ് ഓഫ് സത്യനാഥൻ സഹനിർമാതാവ്
കൊച്ചി: ‘വോയ്സ് ഓഫ് സത്യനാഥൻ’ സിനിമയുടെ സഹനിർമാതാവ് റോഷിത് ലാൽ, നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷയ്ക്കെതിരെ ഗുരുതര സാമ്പത്തിക വഞ്ചനാ ആരോപണവുമായി രംഗത്തെത്തി. പല തവണയായി ഒരു കോടി രൂപ ബാദുഷ കൈപ്പറ്റിയെന്നും തിരികെ ചോദിച്ചപ്പോൾ ആദ്യം ഫോണെടുക്കാതെ ഒഴിഞ്ഞുമാറുകയും പിന്നീട് ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനും തുടങ്ങിയെന്നും റോഷിത് ലാൽ വെളിപ്പെടുത്തി.
2021-ൽ ‘ത തവളയുടെ ത’ എന്ന സിനിമയുടെ പി.ആർ.ഒ വഴിയാണ് ബാദുഷയെ പരിചയപ്പെടുന്നത്. അഞ്ചോ പത്തോ ലക്ഷം രൂപയുടെ സഹായം ചോദിച്ചാണ് തുടങ്ങിയതെങ്കിലും, ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന സിനിമയുടെ ഭാഗമായതോടെ പല തവണയായി 1 കോടി രൂപ ഈ പ്രോജക്റ്റിൽ നിക്ഷേപിക്കുകയായിരുന്നു. സിനിമ ലാഭമായാലും നഷ്ടമായാലും നിക്ഷേപിച്ച തുക തിരികെ നൽകുമെന്ന കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു പണം നൽകിയത്. എന്നാൽ സിനിമ റിലീസ് ചെയ്ത് ആറു മാസത്തിനുള്ളിൽ തുക മടക്കി നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല.
തുടർന്ന് നൽകിയ മൂന്ന് ചെക്കുകളിൽ 50 ലക്ഷം രൂപയുടേത് ബാങ്കിൽ നിന്ന് മടങ്ങി. കൊച്ചിയിലെത്തി നേരിൽ കാണാൻ ശ്രമിച്ചിട്ടും അദ്ദേഹം ഒഴിവുകഴിവുകൾ പറഞ്ഞ് ഫോണെടുക്കാൻ തയ്യാറായില്ല. ഇതോടെ മുഖ്യമന്ത്രിയ്ക്കും പൊലീസിനും പരാതി നൽകി. പണം ഉടൻ നൽകാം, പരാതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ബാദുഷ വീണ്ടും സമീപിച്ചതിനെ തുടർന്ന് അന്വേഷണം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ഇയാൾ വീണ്ടും വാക്കുമാറ്റുകയായിരുന്നു. സിനിമാ മേഖലയിലുള്ള ഇമേജ് കണ്ടാണ് പണം നൽകിയതെന്നും തനിക്ക് പുറമെ നിരവധി ആളുകളെ ബാദുഷ പറ്റിച്ചിട്ടുണ്ടെന്നും ഇനി മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാകാതിരിക്കാനാണ് വിഷയം തുറന്നുപറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റോഷിത് ലാലിന് പണം നൽകാനുണ്ടെന്ന കാര്യം സത്യമാണെന്ന് ബാദുഷ സമ്മതിച്ചു. ഇതിനകം 20 ലക്ഷത്തോളം രൂപ തിരിച്ചുകൊടുത്തിട്ടുണ്ടെന്നും ബാക്കി തുക നൽകാൻ സാവകാശം ചോദിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ‘വോയ്സ് ഓഫ് സത്യനാഥൻ’ കാരണം ഏഴരക്കോടിയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്. എങ്കിലും പണം മുടക്കിയവർക്ക് നൽകാനുള്ള തുക കൊടുക്കാൻ തയ്യാറാണെന്നും എന്നാൽ അടുത്ത ചിത്രം റിലീസ് ചെയ്യുന്നതുവരെ സമയം വേണമെന്നുമാണ് ആവശ്യപ്പെട്ടത്. റോഷിതിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും, അദ്ദേഹം നിയമവഴി സ്വീകരിച്ച സ്ഥിതിക്ക് താനും അതിലേക്ക് കടക്കുകയാണെന്നും ബാദുഷ കൂട്ടിച്ചേർത്തു.