‘അത് ഞങ്ങളുടെ വസ്തു’; ഹോർമുസ് യുഎസ് ഭൂമിയെന്ന് ട്രംപ്, ഭൂപടം പുറത്തുവിട്ടു
വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിനെ പുതിയ യുഎസ് ഭൂപ്രദേശമായി ചിത്രീകരിക്കുന്ന ഭൂപടം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ വീണ്ടും പങ്കുവെച്ചു. ഓഗസ്റ്റ് 15-ന് കടലിടുക്കിനെ യുഎസ് ഭൂപ്രദേശമായി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, ഓഗസ്റ്റ് 18-നും ഇതേ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. നിലവിൽ ഹോർമുസ് തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഇറാനും യുഎസും ഒരുപോലെ അവകാശപ്പെടുന്നുണ്ട്.
അതേസമയം, യുഎസ്-ഇറാൻ സൈന്യങ്ങളുടെ ഉപരോധത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ നൂറിലേറെ ചരക്കുകപ്പലുകളാണ് യാത്രാനുമതി കാത്തുകിടക്കുന്നത്. മേഖലയിലെ ആക്രമണഭീഷണിക്കും അനിശ്ചിതത്വത്തിനുമിടെ അവശ്യവസ്തുക്കൾ തീർന്നുതുടങ്ങിയതോടെ കപ്പലുകളിലെ നാവികർ കടുത്ത ശാരീരിക, മാനസിക പ്രതിസന്ധികൾ നേരിടുകയാണെന്ന് മാരിടൈം ഏജൻസികൾ അറിയിച്ചു. യുഎസ് യുദ്ധക്കപ്പലുകളിലെ മറീനുകൾ പോലും നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ചരക്കുകപ്പൽ ജീവനക്കാരുടെ ദുരിതം തുടരുന്നത്.
കടലിടുക്കിലെ താൽക്കാലിക കപ്പൽപാത സംബന്ധിച്ച് ഇറാനും ഒമാനും തമ്മിൽ ചർച്ചകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ ഇറാനുമായി സഹകരിച്ചാൽ ഒമാനെ ബോംബിട്ടു തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത് ഈ ചർച്ചകളുടെ ഭാവിയെയും അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.