02/09/2026
[fontresizer_tawhidurrahmandear_widget]

‘ആർഎസ്എസ് ഞങ്ങളുടെ പ്രതിനിധികളല്ല’; മോഹൻ ഭാഗവതിന്റെ അമേരിക്കൻ പരിപാടിക്കെതിരെ 61 സംഘടനകൾ രംഗത്ത്

 ‘ആർഎസ്എസ് ഞങ്ങളുടെ പ്രതിനിധികളല്ല’; മോഹൻ ഭാഗവതിന്റെ അമേരിക്കൻ പരിപാടിക്കെതിരെ 61 സംഘടനകൾ രംഗത്ത്

ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനും പരിപാടിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും ന്യൂയോർക്ക് മേയറും രംഗത്ത്. ‘ആർഎസ്എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല’ എന്ന നിലപാടുന്നയിച്ച് ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’, ‘ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ’, ‘ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്’ ഉൾപ്പെടെയുള്ള 61 മതനിരപേക്ഷ-പൗരാവകാശ സംഘടനകൾ സംയുക്തമായി തുറന്ന കത്ത് പുറത്തിറക്കി.

വിവിധ ക്രിസ്ത്യൻ, മുസ്‌ലിം, സിഖ്, ദലിത്, പ്രവാസി സംഘടനകൾ ഒപ്പുവെച്ച കത്ത് കൈമാറിയതായി ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ സുനിത വിശ്വനാഥ് വ്യക്തമാക്കി. ന്യൂയോർക്ക് സിറ്റി ഹാളിന് മുന്നിൽ വാർത്താസമ്മേളനം നടത്തിയ സംഘടനകൾ, പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരിട്ട് പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മോഹൻ ഭാഗവത് പങ്കെടുക്കുന്ന പരിപാടിക്കെതിരെ ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനിയും പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചു. വിഭാഗീയതയുടെ കാഴ്‌ചപ്പാടിലുള്ള പ്രസ്ഥാനങ്ങളുടെ വളർച്ച ഇന്ത്യയിൽ കാണുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. താൻ കണ്ടുവളർന്നത് ബഹുസ്വരതയും മതേതരത്വവുമുള്ള ഇന്ത്യയുടെ കാഴ്ചപ്പാടാണെന്നും മംദാനി വ്യക്തമാക്കി. എന്നാൽ, സ്വകാര്യ പരിപാടിയായതിനാൽ ഇത് നിയമപരമായി തടയാൻ നഗര ഭരണകൂടത്തിന് പരിധികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: