02/09/2026
[fontresizer_tawhidurrahmandear_widget]

‘ഇസ്‌ലാം ഏറ്റവും ശ്രേഷ്‌ഠമായ മതം, ഹജ്ജ് ചെയ്യാൻ ആഗ്രഹമുണ്ട്’: കർണാടക മന്ത്രിയുടെ പരാമർശത്തിൽ രാജി ആവശ്യപ്പെട്ട് ബിജെപി

 ‘ഇസ്‌ലാം ഏറ്റവും ശ്രേഷ്‌ഠമായ മതം, ഹജ്ജ് ചെയ്യാൻ ആഗ്രഹമുണ്ട്’: കർണാടക മന്ത്രിയുടെ പരാമർശത്തിൽ രാജി ആവശ്യപ്പെട്ട് ബിജെപി

ബെംഗളൂരു: കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബസവരാജ് രായറെഡ്ഡി നടത്തിയ പരാമർശം സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദത്തിന് വഴിവെച്ചു. മറ്റ് മതങ്ങളെ അപേക്ഷിച്ച് ഇസ്‌ലാം ഏറ്റവും ശ്രേഷ്ഠമായ മതമാണെന്നും, മക്ക സന്ദർശിച്ച് ഹജ്ജ് കർമ്മം നിർവഹിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാൽ അതിന് ഇസ്‌ലാം മതം സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുക്‌നൂരിൽ മുസ്‌ലിം സമൂഹം സംഘടിപ്പിച്ച സമൂഹ വിവാഹ ചടങ്ങിലാണ് മന്ത്രിയുടെ ഈ അഭിപ്രായപ്രകടനം.

ഇസ്‌ലാം മാനവികത നിറഞ്ഞതാണെന്നും ഖുർആൻ ഉൾപ്പെടെയുള്ള മതഗ്രന്ഥങ്ങൾ പഠിച്ചിട്ടുണ്ടെന്നും പറഞ്ഞ അദ്ദേഹം, എല്ലാ മതങ്ങളിലെയും നല്ല കാര്യങ്ങളെ ബഹുമാനിക്കണമെന്നും കൂട്ടിച്ചേർത്തു.

എന്നാൽ, പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ ഹിന്ദുവിരുദ്ധ മനോഭാവമാണ് പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചു. രായറെഡ്ഡി പ്രസ്താവന പിൻവലിച്ച് ഹിന്ദുക്കളോട് മാപ്പ് പറയണമെന്നും, മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ തയാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടു.

വിവാദം കനത്തതോടെ മന്ത്രി വിശദീകരണവുമായി എത്തി. താൻ മറ്റ് മതങ്ങളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും എല്ലാ മതങ്ങളും ഒരുപോലെ ശ്രേഷ്ഠമാണെന്ന് വിശ്വസിക്കുന്ന ആളാണെന്നും രായറെഡ്ഡി വ്യക്തമാക്കി. കാശി ഉൾപ്പെടെയുള്ള ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും എല്ലാ വിശ്വാസങ്ങളെയും ആദരിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു.

Also read: