03/09/2026
[fontresizer_tawhidurrahmandear_widget]

ടിക്കറ്റുള്ള യാത്രക്കാരിയെ അർദ്ധരാത്രി ഇറക്കിവിട്ടു, വ്യാജ കേസും; റെയിൽവേ 2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

 ടിക്കറ്റുള്ള യാത്രക്കാരിയെ അർദ്ധരാത്രി ഇറക്കിവിട്ടു, വ്യാജ കേസും; റെയിൽവേ 2 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്

തിരുവനന്തപുരം: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും യാത്രക്കാരിയെ അർദ്ധരാത്രി ട്രെയിനിൽനിന്ന് ഇറക്കിവിടുകയും ടിക്കറ്റില്ലാതെ യാത്രചെയ്തെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തിൽ റെയിൽവേ രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ഒരു മാസത്തിനകം റെയിൽവേ ഈ തുക നൽകേണ്ടതുണ്ട്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽനിന്ന് അന്വേഷണം നടത്തി ഈ തുക ഈടാക്കാൻ ദക്ഷിണ റെയിൽവേ ഡിവിഷണൽ മാനേജർക്ക് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തൃശൂർ എരുമപ്പെട്ടി സ്വദേശിനിയും തിരുവനന്തപുരത്ത് താമസക്കാരിയുമായ കെ. ജയസ്മിത നൽകിയ പരാതിയിലാണ് നടപടി. തുക നൽകിയ ശേഷം വിവരങ്ങൾ കമ്മീഷനെ രേഖാമൂലം അറിയിക്കണം.

2023 ജൂലൈ 30-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വടക്കാഞ്ചേരിയിൽനിന്ന് തിരുവനന്തപുരത്തേക്ക് മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിൽ (16348) എസ് 4 കംപാർട്ട്മെന്റിൽ ജയസ്മിത ടിക്കറ്റ് റിസർവ് ചെയ്തിരുന്നു. എന്നാൽ തനിക്ക് അനുവദിച്ച 41-ാം നമ്പർ ബർത്തിലെത്തിയപ്പോൾ അത് മറ്റൊരാൾക്ക് നൽകിയതായി കണ്ടു. തുടർന്ന് ടി.ടി.ഇയെ സമീപിച്ചപ്പോഴാണ് ടിക്കറ്റ് ഓൺലൈനിൽ കാൻസൽ ചെയ്തതായി അറിയുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ കൗണ്ടറിൽനിന്ന് നേരിട്ടെടുത്ത ടിക്കറ്റ് എങ്ങനെ ഓൺലൈനായി കാൻസൽ ആകുമെന്ന് ചോദിച്ചെങ്കിലും ടി.ടി.ഇ മറുപടി നൽകിയില്ല.

500 രൂപ പിഴ നൽകിയാൽ മറ്റൊരു ബർത്ത് തരാമെന്ന് അറിയിച്ചെങ്കിലും യാത്രക്കാരിയുടെ കൈയിൽ പണമുണ്ടായിരുന്നില്ല. സ്വന്തം അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് കാൻസൽ ചെയ്തത് എങ്ങനെയെന്ന് ചോദിച്ചെങ്കിലും ഉദ്യോഗസ്ഥൻ വിവരങ്ങൾ നൽകാൻ തയ്യാറായില്ല. അർധരാത്രിയായതിനാൽ ഇറക്കിവിടരുതെന്ന് അപേക്ഷിച്ചിട്ടും ടി.ടി.ഇ മോശമായി പെരുമാറുകയും ട്രെയിൻ ആലുവയിലെത്തിയപ്പോൾ ആർ.പി.എഫിന് കൈമാറുകയുമായിരുന്നു. ആർ.പി.എഫ് ഉദ്യോഗസ്ഥരും മോശമായി പെരുമാറുകയും കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിടുകയും ചെയ്തു. പിന്നീട് തെറ്റായി രജിസ്റ്റർ ചെയ്ത കേസാണെന്ന് ബോധ്യപ്പെട്ടതോടെ റെയിൽവേ തന്നെ കേസ് പിൻവലിക്കുകയായിരുന്നു.

റെയിൽവേ നടത്തിയ അന്വേഷണത്തിൽ, ബുക്കിങ് ക്ലാർക്ക് റിസർവേഷൻ ഫോമിലെ മൊബൈൽ നമ്പറിലെ ഒരു അക്കം തെറ്റായി രേഖപ്പെടുത്തിയതാണ് പ്രശ്നത്തിന് കാരണമായതെന്ന് കണ്ടെത്തി. തെറ്റായ നമ്പറിലേക്ക് മെസേജ് പോയതോടെ, ആ സന്ദേശം ലഭിച്ചയാൾ താൻ ബുക്ക് ചെയ്യാത്ത ടിക്കറ്റായതിനാൽ അത് ഓൺലൈനായി കാൻസൽ ചെയ്യുകയായിരുന്നു.

റെയിൽവേ ആക്ടിലെ സെക്ഷൻ 137, 139 എന്നിവയുടെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. മാതാപിതാക്കളില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന പരാതിക്കാരിയുടെ, അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാവകാശമാണ് ലംഘിക്കപ്പെട്ടത്. രാത്രികാലങ്ങളിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളെ ട്രെയിനിൽനിന്ന് ഇറക്കിവിടരുതെന്ന നിയമം നിലനിൽക്കെയാണ് ഈ അതിക്രമമുണ്ടായത്. ക്രിമിനൽ കേസിൽപ്പെട്ടതോടെ തനിക്ക് സർക്കാരിലുണ്ടായിരുന്ന കരാർ ജോലി നഷ്ടമായെന്ന് പരാതിക്കാരി അറിയിച്ചു. ഇതിൽ ആശ്വാസം തേടി സർക്കാരിന് അപേക്ഷ നൽകാനും ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഒരുമാസത്തിനകം ഇതിൽ തീരുമാനമെടുക്കാനും കമ്മീഷൻ നിർദ്ദേശിച്ചു.

നഷ്ടപരിഹാര തുക ആറാഴ്ചയ്ക്കകം നൽകിയില്ലെങ്കിൽ എട്ടു ശതമാനം പലിശ സഹിതം നൽകേണ്ടിവരും. കൂടാതെ, രാത്രിയിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും റെയിൽവേ ആക്ടിലെ 137, 139 സെക്ഷനുകൾ പാലിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥർക്കായി ഉടൻ സർക്കുലർ പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

Also read: