04/09/2026
[fontresizer_tawhidurrahmandear_widget]

‘എന്റെ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ’; ഇറ്റലിയിൽ മെലോണിക്ക് ഭരണത്തിൽ റെക്കോഡ്, സന്തോഷം പങ്കുവെച്ച് മോദി

 ‘എന്റെ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ’; ഇറ്റലിയിൽ മെലോണിക്ക് ഭരണത്തിൽ റെക്കോഡ്, സന്തോഷം പങ്കുവെച്ച് മോദി

ന്യൂഡൽഹി: ഇറ്റലിയുടെ രണ്ടാംലോകയുദ്ധാനന്തര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സർക്കാരെന്ന റെക്കോഡ് നേട്ടം സ്വന്തമാക്കിയ ജോർജിയ മെലോണിയുടെ വലതുപക്ഷസർക്കാരിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്‌ചയോടെ അധികാരത്തിൽ 1413 ദിവസം തികച്ച മെലോണി, മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ റെക്കോഡാണ് മറികടന്നത്.

ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസമാണ് ഈ നാഴികക്കല്ലിലൂടെ പ്രതിഫലിക്കുന്നതെന്ന് മോദി പറഞ്ഞു. മെലോണിയെ തന്റെ ‘സുഹൃത്ത്’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇന്ത്യ-ഇറ്റലി പ്രത്യേക തന്ത്രപ്രധാന പങ്കാളിത്തം (India-Italy Special Strategic Partnership) ദൃഢമാക്കുന്നതിൽ ഈ സൗഹൃദം വലിയ പങ്കുവഹിച്ചതായും വ്യക്തമാക്കി.

“രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാറിയ എന്റെ സുഹൃത്ത് പ്രധാനമന്ത്രി മെലോണിക്ക് അഭിനന്ദനങ്ങൾ. ഈ നാഴികക്കല്ല് ഇറ്റാലിയൻ ജനതയ്ക്ക് അവരുടെ നേതൃത്വത്തിലുള്ള വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ്. ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക് സമൃദ്ധമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനായി നമ്മുടെ സഹകരണം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” എന്ന് എക്‌സിലൂടെ പ്രധാനമന്ത്രി ആശംസിച്ചു.

ബെനിറ്റോ മുസ്സോളിനിയുടെ ഭരണകാലമൊഴിവാക്കിയാൽ, ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി നിലനിന്ന സർക്കാരായി മെലോണി സർക്കാർ മാറിയിരിക്കുകയാണ്. സാധാരണയായി സർക്കാരുകളുടെ ശരാശരി കാലാവധി 14 മാസം മാത്രം നീണ്ടുനിൽക്കുന്ന ഇറ്റലിയിൽ 1,413 ദിവസങ്ങൾ തടസ്സമില്ലാതെ പൂർത്തിയാക്കിയത് 2027-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി മെലോണിയുടെ ജനപ്രീതി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക വളർച്ചയിലെ മന്ദഗതിയും കുടിയേറ്റവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിമർശനം നേരിടുമ്പോഴും, നികുതി ഇളവുകളും ധനകാര്യ അച്ചടക്കവും വഴി രാജ്യത്തിന് രാഷ്ട്രീയ സുസ്ഥിരത നൽകാൻ മെലോണിക്ക് സാധിച്ചു. ജി7 ഉച്ചകോടിക്കിടെ മോദി നൽകിയ ‘മെലഡി’ (Parle’s Melody) ചോക്ലേറ്റ് സമ്മാനത്തിന് നന്ദി പറഞ്ഞുള്ള മെലോണിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ അടക്കം വലിയ തരംഗമായിരുന്നു. മോദിയുടെ പുതിയ അഭിനന്ദന കുറിപ്പോടെ “മെലോഡി” സോഷ്യൽ മീഡിയ ട്രെൻഡ് വീണ്ടും സജീവമായിട്ടുണ്ട്.

Also read: