ടിക്കറ്റിനേക്കാൾ വില പോപ്കോണിനും ചായക്കും; സിനിമാ തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ കേരള സർക്കാർ
തിരുവനന്തപുരം: തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്കും കൊള്ളയ്ക്കുമെതിരെ കർശന നടപടിയുമായി കേരള സർക്കാർ. സിനിമാശാലകളിലെ ഭക്ഷണ പാനീയങ്ങളുടെ ഉയർന്ന വിലയെക്കുറിച്ചുള്ള വ്യാപകമായ പരാതികളെ തുടർന്ന്, വിലവിവര മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ തിയറ്ററുകളിൽ നേരിട്ട് പരിശോധന നടത്തുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.
സിനിമാ തിയറ്ററുകളിലും മൾട്ടിപ്ലക്സുകളിലും സൗജന്യവും ശുദ്ധവുമായ കുടിവെള്ളം ഉറപ്പാക്കേണ്ടത് നിയമപരമായി നിർബന്ധമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പൊതുസ്ഥലങ്ങളിൽ ആളുകൾക്ക് കുടിവെള്ളം ലഭ്യമാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുള്ളതാണെന്നും, അതുകൊണ്ടുതന്നെ പ്രേക്ഷകർ സ്വന്തമായി കുടിവെള്ളം അകത്തേക്ക് കൊണ്ടുപോകുന്നത് തിയറ്റർ അധികൃതർ തടയുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാക്കേജ്ഡ് ഉൽപ്പന്നങ്ങൾക്ക് എം.ആർ.പിയേക്കാൾ കൂടുതൽ തുക ഈടാക്കാൻ തിയറ്ററുകൾക്ക് അവകാശമില്ല. വിൽക്കുന്ന സാധനങ്ങളുടെ അളവും പരിശോധിക്കും. പോപ്കോൺ പോലുള്ള ഭക്ഷ്യവസ്തുക്കളുടെ വില നേരിട്ട് നിയന്ത്രിക്കാൻ പരിമിതികളുണ്ടെങ്കിലും നിയമലംഘനങ്ങളിൽ കർശന നടപടിയുണ്ടാകും. സംസ്ഥാനത്ത് ഇതിനകം പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ അത് കൂടുതൽ ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 80 ഗ്രാം പോപ്കോണിന് 295 രൂപ മുതൽ മുകളിലേക്കാണ് പലയിടത്തും ഈടാക്കുന്നത്. ചായ, കാപ്പി, കുടിവെള്ളം എന്നിവയ്ക്കൊക്കെ വലിയ തുകയാണ് തിയറ്ററുകളിൽ നൽകേണ്ടി വരുന്നത്.