‘കൊതുകുകളോട് കടിക്കരുതെന്ന് പറയാനാകില്ല’: ഡെങ്കി വ്യാപനത്തിനിടെ ബംഗാൾ മന്ത്രിയുടെ പരാമർശം വിവാദത്തിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള പ്രാണിജന്യ രോഗങ്ങൾ പടർന്നുപിടിക്കുന്നതിനിടെ നഗരവികസന-മുനിസിപൽ കാര്യ വകുപ്പ് മന്ത്രി അഗ്നിമിത്ര പോൾ നടത്തിയ പരാമർശം വലിയ വിവാദത്തിന് വഴിതുറന്നു. “സർക്കാർ മാറിയതുകൊണ്ട് കൊതുകുകളോട് കടിക്കരുതെന്ന് പറയാൻ കഴിയില്ല” എന്നായിരുന്നു മാധ്യമപ്രവർത്തകരോട് മന്ത്രിയുടെ പ്രതികരണം. കൊതുകുകളെ മെരുക്കാൻ കഴിയില്ലെന്നതിനാൽ സാഹചര്യം നേരിടാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ നാലായിരത്തിലധികം ഡെങ്കിപ്പനി കേസുകളും ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കിയിരുന്നു. ഡെങ്കിപ്പനി സീസണിൽ പൂർണമായി കൈകാലുകൾ മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദം നൽകണമെന്ന് ആരോഗ്യ മന്ത്രി ശാരദ്വത് മുഖർജി സ്കൂളുകളോട് അഭ്യർത്ഥിച്ചു.
അതേസമയം, അഗ്നിമിത്ര പോളിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി മുൻ രാജ്യസഭാ എം.പി ജവഹർ സർക്കാർ രംഗത്തെത്തി. കഴിഞ്ഞ ആഴ്ച പാർക്ക് സ്ട്രീറ്റിലെ നടപ്പാതയിൽ കുഞ്ഞിനായി പാൽ ചൂടാക്കിയ ഭവനരഹിതയായ സ്ത്രീയോട് മന്ത്രി കയർത്ത സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ബിജെപിയെ തകർക്കാൻ അവർക്ക് തന്നെ കഴിയുമെന്ന് പരിഹസിച്ച അദ്ദേഹം മന്ത്രിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. പോലീസുകാരെ ഉപയോഗിച്ച് പാവപ്പെട്ട സ്ത്രീയുടെ സാധനങ്ങൾ റോഡിൽ നിന്ന് മാറ്റിച്ചതും നേരത്തെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.