‘പറപ്പിച്ച് വിട് ഉമ്മാ…’: ജീപ്പുമായി ഇരമ്പിയെത്തി വീരനായികമാർ; വണ്ടിപ്പൂട്ട് മത്സരത്തിൽ തരംഗമായി മലപ്പുറത്തെ ഉമ്മയും മകളും
മലപ്പുറം: കാളപൂട്ട് കണ്ടത്തിൽ കുഴഞ്ഞുമറിഞ്ഞ ചെളിയിലൂടെ ജീപ്പ് പായിക്കുമ്പോൾ ബബിതയ്ക്ക് കേൾക്കാമായിരുന്നു ചുറ്റുംകൂടിയവരുടെ ആവേശം. ‘പറപ്പിച്ച് വിട് ഉമ്മാ’യെന്ന മകളും കോ-ഡ്രൈവറുമായ സൈനയുടെ പിന്തുണയും കൂടെയായപ്പോൾ ചേറിലും കുതിച്ചുപാഞ്ഞ് മൂന്നര മിനിറ്റിനുള്ളിൽ റൈഡിങ് ഫിനിഷ്. അതും തന്റെ ആദ്യ മത്സരത്തിൽ!
വണ്ടൂർ പനംപൊയിലിൽ നടന്ന വണ്ടിപ്പൂട്ട് മത്സരത്തിലാണ് നിലമ്പൂർ സ്വദേശി ടി എം ബബിത (51)യും മകൾ സൈന ഹസ(23)നും മാറ്റുരച്ചത്. വനിതാ വിഭാഗത്തിൽ ഒമ്പത് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ 3.21 മിനിറ്റിലാണ് ബബിത റൈഡ് പൂർത്തിയാക്കിയത്. ഡ്രൈവിങ് അറിയാമെങ്കിലും ആദ്യമായാണ് വണ്ടിപ്പൂട്ട് മത്സരത്തിൽ പങ്കാളിയാവുന്നത്. പരസ്യ മേഖലയിൽ ജോലിചെയ്യുന്ന സൈനയുടെയും ആദ്യമത്സര ട്രാക്ക് ഇതുതന്നെ.
‘എന്റെ മുന്നിൽ മത്സരമോ ജയമോ ഒന്നുമുണ്ടായിരുന്നില്ല, പക്ഷേ, കണ്ടത്തിൽനിന്ന് വണ്ടിയുമായിറങ്ങിയപ്പോൾ, ഒരുകൂട്ടം സ്ത്രീകൾ എന്നെ പൊതിഞ്ഞു. അവരുടെ കണ്ണിലും വാക്കുകളിലും അത്ഭുതത്തിന്റെയും നന്ദിയുടെയും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സ്ത്രീകളിൽ കണ്ട സന്തോഷം, അതാണ് എന്നെ ഏറെ ആനന്ദിപ്പിച്ചത്.’ നിയന്ത്രണങ്ങളും അനുവാദങ്ങളും ചർച്ച ചെയ്യപ്പെടുന്ന കാലത്ത് ബബിതയെന്ന 53-കാരിയും മകൾ 23-കാരി സയ്യിന ഹസനും വണ്ടൂർ പനംപൊയിലിലെ ചളികണ്ടത്തിൽ തങ്ങളുടെ വില്ലീസ് പറത്തുകയായിരുന്നു.
അനുവാദങ്ങളല്ല, അതിവേഗം മുന്നോട്ടെന്ന ആർപ്പുവിളികളാണ് ഇരുവരേയും വരവേറ്റത്. ആദ്യമായി വണ്ടിപ്പൂട്ടിൽ മത്സരിക്കുമ്പോഴും ഒരു കുഴിയിലും ടയറ് താഴാതെ, മൂന്നര മിനിറ്റിൽ ബബിത മൂന്ന് പോക്കറ്റ്സും എട്ടിന്റെ വട്ടവും വളവും കടന്നു. കോ-ഡ്രൈവർ സയ്യിന അവസാനമണിയിൽ ചാടിയടിക്കുമ്പോൾ ഈ ഉമ്മയും മകളും കാഴ്ചക്കാർക്ക് വിസ്മയമായി മാറിയിരുന്നു. പിന്നീടിപ്പോൾ റീലുകളിൽ തരംഗമാണ് ഈ ഉമ്മയും മോളും. വണ്ടിപ്പൂട്ടിൽ സ്ത്രീകളുണ്ടെങ്കിലും കോ-ഡ്രൈവർ സീറ്റിൽ പുരുഷന്മാരാണുണ്ടാകാറ്. അവിടെയാണ് ഈ ഉമ്മയും മകളും വ്യത്യസ്തമായത്.
നിയന്ത്രണത്തിന്റെ അധികാരശബ്ദങ്ങൾ അധികം കേൾക്കേണ്ടി വന്നിട്ടില്ല ബബിതയ്ക്ക്. തന്റെ അഞ്ച് പെൺകുട്ടികളും ഡ്രൈവിങ് പഠിക്കണമെന്ന നിലപാടുകാരനായിരുന്നു നിലമ്പൂരിൽ വ്യാപാരിയായിരുന്ന ടി.എം. മുഹമ്മദലി. അങ്ങനെ വയസ്സ് 20 തികയും മുൻപ് നിലമ്പൂരിലെ ഓഫ് റോഡുകളിൽ ബബിതയുടെ ജീപ്പും ഇരമ്പിയിരുന്നു. പിന്നീട് വിവാഹം കഴിഞ്ഞ് വൈപ്പിനിലെത്തിയപ്പോൾ ദീർഘദൂരപാതകളിൽ വണ്ടിയോടിക്കാം എന്ന സന്തോഷം. ഭർത്താവ് മുഹമ്മദ് ഹസന് വണ്ടി വളയത്തേക്കാൾ പ്രിയം സൈക്കിൾ ഹാൻഡിലായത് ബബിതയെന്ന ഡ്രൈവർക്ക് കൂടുതൽ അവസരമായി.
വണ്ടിപ്രാന്തന്മാരുടെ ക്ലബായ വൈൽഡ് വീൽസിന്റെ പ്രചോദനമാണ് ബബിതയെ വില്ലീസുമായി ചളിക്കണ്ടത്തിലെത്തിച്ചത്. ബബിതയുടെ കുടുംബത്തിന്റെ റബ്ബർ എസ്റ്റേറ്റിലാണ് വൈൽഡ് വീൽസ് പരിശീലനഗ്രൗണ്ടൊരുക്കുന്നത്. കാണാൻ പോയ ബബിത വെറുതെയൊന്ന് ഓടിച്ചു നോക്കിയതാണ്. ഡ്രൈവിങ് കണ്ടപ്പോഴേ വൈൽഡ് വീൽസിലെ യാസിറും ഹബീബുമൊക്കെ ബബിതയിലെ റൈഡറെ അറിഞ്ഞു. വീട്ടുകാരും കൂട്ടുകാരും നിർബന്ധിച്ചപ്പോൾ എന്നാൽ ഒന്നിറങ്ങാമെന്ന ധൈര്യത്തിലായി ബബിത. അനിയത്തി വിനിതയും ജീപ്പിറക്കാമെന്നേറ്റു.
ആദ്യം രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും കോ-ഡ്രൈവറാകാം എന്നാണ് കരുതിയത്. എന്നാൽ കാണികളായി ആയിരങ്ങളെ കണ്ടപ്പോൾ ബബിതയുടെ ധൈര്യം പോയി. അനിയത്തിയുടെ കോ-ഡ്രൈവർ സീറ്റിൽ മൂത്ത സഹോദരിയുടെ മകനാണ് കയറിയത്. മത്സരിക്കാൻ ഭയം കൂടിയപ്പോൾ സയ്യിന പറഞ്ഞു ഉമ്മ ഓടിച്ചോളിൻ, ഞാനുണ്ട് കൂടെയെന്ന്. ആ ധൈര്യമാണ് മലപ്പുറത്തെ വീരനായികമാരായി സോഷ്യൽ മീഡിയയിൽ ട്രെൻഡാകാൻ കാരണമായത്.