മാസപ്പടി കേസ്: നിർണായക നീക്കവുമായി ഇഡി; പിണറായിക്കും റിയാസിനുമെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദേശം
തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി വിഷയത്തിൽ കടുപ്പിച്ച് അസാധാരണ നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അഴിമതി തടയൽ നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻമന്ത്രി മുഹമ്മദ് റിയാസ്, ഭാര്യ ടി. വീണ തുടങ്ങിയവർക്കെതിരെ കേസെടുക്കണമെന്ന് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. അഴിമതി തടയൽ നിയമം 66(2) വകുപ്പ് പ്രകാരം കേസിൽ സമാഹരിച്ച തെളിവുകൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ടും ഇ.ഡി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. ഈ റിപ്പോർട്ടിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇ.ഡി നിർദ്ദേശിച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഓഫീസിലും ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇ.ഡി മുൻപ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിൽ നിർണായകമായ പല രേഖകളും ലഭിച്ചതായി ഇ.ഡി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കോടികളുടെ ഹവാല ഇടപാടുകൾ നടന്നുവെന്നും ഇതിന്റെ വിവരങ്ങൾ വീണ എഴുതിയ കുറിപ്പിൽ നിന്ന് ലഭിച്ചുവെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും കേസിൽ ഉൾപ്പെടുത്തണമെന്ന ശുപാർശയുമായി ഇ.ഡി പൊലീസ് മേധാവിക്കു കത്തയച്ചിരിക്കുന്നത്.