09/09/2026
[fontresizer_tawhidurrahmandear_widget]

‘പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ മെനയുന്നു’: എം.വി ഗോവിന്ദൻ

 ‘പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ മെനയുന്നു’: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളക്കഥകൾ മെനയുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരോപിച്ചു. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വിജിലൻസ് കോടതി മുതൽ സുപ്രീം കോടതി വരെ പരിശോധിച്ച് തള്ളിക്കളഞ്ഞ കേസ് വീണ്ടും അന്വേഷിക്കാനാണ് ഇഡി ഒരുങ്ങുന്നത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിലടച്ചതിന് സമാനമായ രാഷ്ട്രീയ വേട്ടയാടലാണ് കേരളത്തിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിഎംആർഎൽ കമ്പനിയുമായി ബന്ധപ്പെട്ട ഇടപാടിൽ ഇഡി പക്ഷപാതപരമായാണ് പെരുമാറുന്നത്. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി എന്നിവർ പണം വാങ്ങിയെന്ന് സമ്മതിച്ചിട്ടും അവർക്കെതിരെ കേസ് എടുത്തിട്ടില്ല. അതിൽ അന്വേഷണം നടത്താതെ, ചെറിയ തുകയുടെ പേരിൽ സിപിഎമ്മിനെയും  പ്രതിപക്ഷ നേതാവിനെയും മാത്രം ലക്ഷ്യം വയ്ക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്ന രീതി തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ കേരള സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്. കോൺഗ്രസ് കേന്ദ്രത്തിൽ ഒരു നിലപാടും കേരളത്തിൽ ഇരട്ടത്താപ്പ് നിലപാടുമാണ് സ്വീകരിക്കുന്നത്. ചോദ്യം ചെയ്താൽ ഭയപ്പെടുന്നവരല്ല തങ്ങളെന്നും കൽത്തുറുങ്കിൽ കിടന്നും പോരാടിയാണ് പാർട്ടി മുന്നോട്ടുവന്നതെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.

Also read: