‘മഹാരാഷ്ട്രയും കേരളവും തമിഴ്‌നാടുമുണ്ട്, എന്നിട്ടും എന്തുകൊണ്ട് ഗുജറാത്ത്?’; ചലച്ചിത്ര പുരസ്‌കാര വേദി മാറ്റത്തിൽ കേന്ദ്രത്തിനെതിരെ രാജ് താക്കറെ
മുംബൈ: കേന്ദ്ര ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിന്റെ വേദി ഡൽഹിയിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെ. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയുടെ പ്രാധാന്യം കുറയ്ക്കാനും, പേരുകളും വേദികളും മാറ്റി തെറ്റിദ്ധരിപ്പിക്കുന്ന ചരിത്രം സൃഷ്ടിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിലൂടെ ആരോപിച്ചു.
ഇന്ത്യൻ സിനിമയ്ക്ക് അടിത്തറ പാകിയ ദാദാസാഹേബ് ഫാൽക്കെയുടെ നാടായ മഹാരാഷ്ട്രയെയോ, സിനിമ നിർമാണത്തിലും രാഷ്ട്രീയത്തിലും വലിയ സ്വാധീനമുള്ള കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയോ പരിഗണിക്കാതെ എന്തുകൊണ്ടാണ് ഗുജറാത്തിനെ തന്നെ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം ചോദിച്ചു.
നരേന്ദ്ര മോദിയെയും അമിത് ഷായെയും ലക്ഷ്യമിട്ടായിരുന്നു താക്കറെയുടെ വിമർശനം. കോമൺവെൽത്ത് ഗെയിംസ്, ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ, ഗിഫ്റ്റ് സിറ്റി, വിദേശ രാഷ്ട്രത്തലവന്മാരുടെ സന്ദർശനം എന്നിവയെല്ലാം ഗുജറാത്തിലേക്ക് മാറ്റുന്നത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയുടെ തറക്കല്ലിട്ടത് ഗുജറാത്തിലാണെന്നാണോ കേന്ദ്രം പറയാൻ ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു.
ചരിത്രത്തിലാദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നത്. 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര സമർപ്പണം ഗുജറാത്തിലെ കെവാഡിയയിലുള്ള സ്റ്റാച്യൂ ഓഫ് യൂണിറ്റിയിലാണ് നടക്കുന്നത്.