‘അണികൾക്കിടയിലെ അനധികൃത സ്വത്ത് സാമ്പാദനത്തിൽഇടപെടാൻ പാർട്ടി തീരുമാനിച്ചിട്ടുണ്ട്’: എം.വി ഗോവിന്ദൻ
എം.വി ഗോവിന്ദൻ
കോഴിക്കോട്: അണികൾക്കിടയിലെ അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെയുള്ള തെറ്റായ പ്രവണതകൾക്കെതിരെ പാർട്ടി ശക്തമായി ഇടപെടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ രണ്ടാംദിനം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റിയും ജനറൽ കമ്മിറ്റിയും തയ്യാറാക്കിയ സംഘടനാ രേഖയിൽ തെറ്റായ പ്രവണതകൾ തിരുത്തുന്നതിനെക്കുറിച്ച് വ്യക്തമായി വിശദീകരിച്ചിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനായുള്ള പ്രവർത്തനം സംസ്ഥാന കമ്മിറ്റിയിൽ തുടങ്ങി താഴേത്തട്ടിലുള്ള കമ്മിറ്റികളിലേക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടി തകർച്ചയിലാണെന്ന തരത്തിലുള്ള തെറ്റദ്ധാരണ പരത്താൻ ശ്രമിക്കേണ്ടതില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. യോഗത്തിൽ ആരോഗ്യകരമായ വിമർശനങ്ങളും സ്വയംവിമർശനങ്ങളുമാണ് ഉയർന്നുവന്നത്. റിപ്പോർട്ടിനെ കൂടുതൽ സമ്പുഷ്ടമാക്കാൻ സഹായിക്കുന്ന നിർദ്ദേശങ്ങളാണ് 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളിൽ നിന്ന് ലഭിച്ചത്.
പാർട്ടി തകരണം എന്ന് ആഗ്രഹിക്കുന്നവരുടെ വ്യാഖ്യാനങ്ങളെയും അതിജീവിച്ച് സിപിഐ(എം) കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുവായ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടികളെയും മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും ഉൾപ്പെടുത്തി വിപുലമായ പൊതുവേദി രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.