27/09/2026
[fontresizer_tawhidurrahmandear_widget]

രാത്രി ചോറ് കഴിച്ചാൽ വണ്ണം കൂടുമോ? പ്രചരിക്കുന്ന കഥകളിലെ വാസ്തവമറിയാം

 രാത്രി ചോറ് കഴിച്ചാൽ വണ്ണം കൂടുമോ? പ്രചരിക്കുന്ന കഥകളിലെ വാസ്തവമറിയാം

കൊച്ചി: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഭക്ഷണക്രമത്തിൽ നിന്ന് ആദ്യം ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒന്നാണ് ചോറ്. രാത്രിയിൽ ചോറ് കഴിക്കുന്നത് തടി കൂട്ടുമെന്ന ധാരണയിൽ പലരും ഇത് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാൽ രാത്രിയിൽ ചോറ് കഴിക്കുന്നത് ശരീരഭാരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിൽ വ്യക്തത വരുത്തുകയാണ് പ്രമുഖ പോഷകാഹാര വിദഗ്ദ്ധർ.

രാത്രിയിൽ ചോറ് കഴിക്കുന്നത് കൊണ്ട് മാത്രം ശരീരഭാരം വർദ്ധിക്കില്ലെന്ന് പോഷകാഹാര വിദഗ്ദ്ധയായ രൂപാലി ദത്ത വ്യക്തമാക്കുന്നു. ഭക്ഷണത്തിന്റെ സമയത്തേക്കാൾ ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള കാർബോഹൈഡ്രേറ്റ് ഉപഭോഗവും ഉപയോഗിക്കപ്പെടുന്ന ഊർജ്ജവുമാണ് ഭാരനിയന്ത്രണത്തെ സ്വാധീനിക്കുന്നത്. ശരീരത്തിൽ നിന്ന് എരിച്ചുകളയുന്നതിനേക്കാൾ കുറഞ്ഞ അളവിൽ കലോറി കഴിക്കുന്നിടത്തോളം രാത്രിയിൽ ചോറ് കഴിക്കുന്നത് വണ്ണം കൂട്ടില്ലെന്നും, ഇത് വെറുമൊരു മിഥ്യാധാരണ മാത്രമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.

രാത്രിയിൽ ചോറ് പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെങ്കിലും കഴിക്കുന്ന അളവിൽ നിയന്ത്രണം വേണമെന്ന് രൂപാലി ദത്ത ഓർമ്മിപ്പിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിൽ അര കപ്പ് മുതൽ ഒരു കപ്പ് വരെ പാകം ചെയ്ത ചോറ് കഴിക്കുന്നതാണ് അനുയോജ്യം. കൂടാതെ ചോറ് മാത്രം കഴിക്കുന്നതിന് പകരം പരിപ്പ്, പനീർ, ചിക്കൻ തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ വിഭവങ്ങളും പച്ചക്കറികളും ഒപ്പം ഉൾപ്പെടുത്തി സമീകൃതമായ ആഹാരരീതി പിന്തുടരാനും അവർ നിർദ്ദേശിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ചോറ് ഒഴിവാക്കണമെന്ന വാദത്തെ പ്രശസ്ത പോഷകാഹാര വിദഗ്ദ്ധയായ രുജുത ദിവേകറും എതിർക്കുന്നു. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചോറ് പൂർണ്ണമായി ഒഴിവാക്കേണ്ടതില്ലെന്നും, സിംഗിൾ പോളിഷ് ചെയ്തതോ കൈകൊണ്ട് കുത്തിയതോ ആയ അരി തിരഞ്ഞെടുക്കാമെന്നും അവർ വ്യക്തമാക്കുന്നു. രാത്രി ഭക്ഷണത്തിനും ഉറക്കത്തിനുമിടയിൽ കുറഞ്ഞത് രണ്ട് മണിക്കൂറിന്റെ ഇടവേള പാലിക്കാനും അമിതഭക്ഷണം ഒഴിവാക്കാനും അവർ ഉപദേശിക്കുന്നു.

ചുരുക്കത്തിൽ, കൃത്യമായ അളവിലും ശരിയായ സമയത്തും കഴിക്കുകയാണെങ്കിൽ രാത്രിയിലെ ചോറ് കഴിക്കൽ ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തില്ല. അതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ രാത്രിയിൽ ചോറ് പൂർണ്ണമായി ഒഴിവാക്കുന്നതിന് പകരം കൃത്യമായ അളവ് പാലിച്ച് സമീകൃതാഹാരം കഴിക്കുകയാണ് വേണ്ടത്.

Also read: