28/09/2026
[fontresizer_tawhidurrahmandear_widget]

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ ദുരന്തം; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

 ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വൻ ദുരന്തം; ഒരു കുടുംബത്തിലെ നാലുപേര്‍ വെന്തുമരിച്ചു

ബെലഗാവി: കർണാടകയിലെ ബെലഗാവി നഗരമധ്യത്തിലുള്ള ചാവട്ട് ഗല്ലിയിൽ പുലർച്ചെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ശാരദ ഗജാനൻ ധമോനെ (48), പ്രിയ ഗജാനൻ ധമോനെ (27), ഗംഗ ഗജാനൻ ധമോനെ (24), ഭാരതി രാജാറാം ധമോനെ (50) എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ഗജാനൻ രാജാറാം ധമോനെ, റോഷൻ ഗജാനൻ ധമോനെ എന്നിവർക്കാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയുണ്ടായ അപകടത്തിൽ ഇവരുടെ പഴക്കമുള്ള വീട് പൂർണമായും കത്തിനശിച്ചു.

ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് ശേഷം പുലർച്ചെ ഒന്നരയോടെയാണ് തൊഴിലാളി കുടുംബമായ ധമോനെ കുടുംബത്തിലെ ആറുപേരും ഉറങ്ങാൻ കിടന്നത്. തുടർന്ന് പുലർച്ചെ രണ്ടരയോടെ ഫ്രിഡ്ജിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് വൻ പൊട്ടിത്തെറിക്കും തീപിടിത്തത്തിനും കാരണമായതെന്നാണ് സംശയിക്കുന്നത്.

തുടക്കത്തിൽ പടക്കം പൊട്ടുന്ന ശബ്ദമാണെന്നാണ് അയൽവാസികൾ കരുതിയത്. എന്നാൽ നിമിഷങ്ങൾക്കകം തീ വീടുമുഴുവൻ പടർന്നുപിടിക്കുകയായിരുന്നു. ഇതോടെ വീടിനുള്ളിൽ കുടുങ്ങിപ്പോയ നാലുപേർ സംഭവസ്ഥലത്തുതന്നെ ദാരുണമായി മരണപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ മറ്റു രണ്ടുപേരെയും അത്യാസന്ന നിലയിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എംഎൽഎ ആസിഫ് സേട്ട് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ദുരിതബാധിതരായ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകുകയും ചെയ്തു. സംഭവത്തിൽ മാർക്കറ്റ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: