പരസ്യമായി മാപ്പുപറയണമെന്ന് കോടതി; വനിതാ എസ്.ഐയുടെ മുഖത്തടിച്ച സംഭവത്തിൽ ക്ഷമാപണം നടത്തി ബി.ജെ.പി എം.എൽ.എയുടെ മകൾ
ബംഗളൂരു: കർണാടകയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്തടിച്ച സംഭവത്തിൽ മാപ്പുചോദിച്ച് കർണാടക ബി.ജെ.പി എം.എൽ.എയുടെ മകൾ. തുമകുരു റൂറൽ മണ്ഡലം എം.എൽ.എ ബി.എസ്. സുരേഷ് ഗൗഡയുടെ മകൾ ഐശ്വര്യയാണ് മാപ്പുപറഞ്ഞത്. ഓഗസ്റ്റ് പന്ത്രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭീമ അമാവാസി ആഘോഷത്തോടനുബന്ധിച്ച് ശ്രീരംഗപട്ടണ താലൂക്കിലെ ആരതി ഉക്കട ക്ഷേത്രത്തിൽ പ്രത്യേക ഡ്യൂട്ടിക്കിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
വലിയ തിരക്കുള്ള സമയത്ത് ക്യൂ നിൽക്കാതെ നേരിട്ട് ശ്രീകോവിലിന് മുന്നിൽ പ്രവേശിക്കാൻ ഐശ്വര്യ ശ്രമിച്ചതാണ് തർക്കത്തിന് കാരണമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ സവിതാ പാട്ടീൽ ഇത് ചോദ്യം ചെയ്യുകയും വരിയിൽ നിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തു. താൻ എം.എൽ.എയുടെ മകളാണെന്ന് പറഞ്ഞ് ഐശ്വര്യ വാക്കുതർക്കത്തിലേർപ്പെടുകയും അധിക്ഷേപിക്കുകയും ചെയ്ത ശേഷം എസ്.ഐയെ അടിക്കുകയുമായിരുന്നു. പിന്നാലെ എസ്.ഐ തിരിച്ചടിക്കുകയും ചെയ്തു. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.
സംഭവത്തിൽ ഐശ്വര്യയ്ക്കതിരെ പൊലീസ് കേസ് എടുത്തിരുന്നു. ശ്രീരംഗപട്ടണ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് അവർ ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ സ്വീകരിക്കുന്നതിന് മുൻപ് പൊലീസ് ഉദ്യോഗസ്ഥയോട് പരസ്യമായി മാപ്പ് പറയാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് വീഡിയോയിലൂടെ ഐശ്വര്യ മാപ്പുചോദിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് ആ സംഭവം നടന്നതെന്നും, അത് സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. മകളുടെ പെരുമാറ്റത്തിൽ എം.എൽ.എ സുരേഷ് ഗൗഡയും നേരത്തെ മാപ്പ് പറഞ്ഞിരുന്നു. മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെയാണ്. നിയമത്തിന് മുന്നിൽ എല്ലാവരും ഒരുപോലെയാണെന്നായിരുന്നു എം.എൽ.എയുടെ പ്രതികരണം.