29/09/2026
[fontresizer_tawhidurrahmandear_widget]

‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തകർന്നതിന് ഞങ്ങൾ സാക്ഷി; ഗ്യാനേഷ് കുമാർ രാജിവെക്കണം, എസ്ഐആർ റദ്ദാക്കണം’: മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ

 ‘തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തകർന്നതിന് ഞങ്ങൾ സാക്ഷി; ഗ്യാനേഷ് കുമാർ രാജിവെക്കണം, എസ്ഐആർ റദ്ദാക്കണം’: മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മ

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തകർന്നുവെന്നും പ്രവർത്തനം ഏകാധിപത്യപരമായി മാറിയെന്നും ആരോപിച്ച് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ‘കോൺസ്റ്റിറ്റ്യൂഷണൽ കണ്ടക്ട് ഗ്രൂപ്പ്’. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള എസ്ഐആർ നടപടികൾ പൂർണമായി റദ്ദാക്കണമെന്നും 74 മുൻ മുതിർന്ന ഉദ്യോഗസ്ഥർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കമ്മീഷന്റെ വിശ്വാസ്യത തകർത്തതിന്റെ പ്രധാന ഉത്തരവാദിത്തം സുപ്രിംകോടതി വിധിയെ ലംഘിച്ച് നിയമിക്കപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കാണെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്‌ബീർ സിങ് സന്ധുവും വിവേക് ജോഷിയും പല തീരുമാനങ്ങളിലും എതിർപ്പ് രേഖപ്പെടുത്തിയിരുന്നെങ്കിലും, വോട്ടവകാശം നിഷേധിക്കുന്ന നടപടികളെ തുറന്ന് എതിർക്കാതിരുന്നത് തെറ്റാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

മതിയായ ചർച്ചയോ ഉദ്യോഗസ്ഥർക്ക് പരിശീലനമോ നൽകാതെയാണ് എസ്ഐആർ നടപ്പാക്കിയതെന്നും ഇത് രാജ്യത്തെ 15-16 ശതമാനം വോട്ടർമാരെ ബാധിച്ചുവെന്നും പ്രസ്താവനയിൽ പറയുന്നു. പ്രധാനമായും ന്യൂനപക്ഷങ്ങൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ, വയോധികർ എന്നിവരുടെ പേരുകളാണ് വ്യാപകമായി ഒഴിവാക്കപ്പെട്ടത്. ഫോം 6-ൽ വരുത്തിയ മാറ്റങ്ങളും ‘ഇസിഐ നെറ്റ്’ സംവിധാനവും ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചു.

സെപ്റ്റംബർ 26-ന് പഴയ ഫോം 6 പുനഃസ്ഥാപിക്കാനും ഇസിഐ നെറ്റ് അവലോകനം ചെയ്യാനും കമ്മീഷൻ തീരുമാനിച്ചത് മുൻപത്തെ ക്രമക്കേടുകൾ ശരിവെക്കുന്നതാണെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും എസ്ഐആർ നടപടികൾ പൂർണമായി റദ്ദാക്കലും. നിലവിലെ വോട്ടർ കാർഡുകളുടെ സാധുത പുനഃസ്ഥാപിക്കുകയും വോട്ടർപട്ടിക ഗ്രാമസഭകളിലും വാർഡുകളിലും പൊതുഓഡിറ്റിന് വിധേയമാക്കുകയും ചെയ്യുക. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023-ലെ നിയമം ഭേദഗതി ചെയ്യുക.

സന്ദീപ് ബാഗ്‌ചീ, ജെ.എൽ ബജാജ്, ജി. ബാലചന്ദ്രൻ തുടങ്ങി വിരമിച്ച 74 പ്രമുഖ ഉദ്യോഗസ്ഥരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.

Also read: