സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്
ന്യൂയോർക്ക്: ദക്ഷിണാഫ്രിക്കൻ മനുഷ്യാവകാശ അഭിഭാഷകയും ഇന്ത്യൻ വംശജയുമായ നവനീതം നവി പിള്ളയ്ക്ക് 2026-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിലും സമാധാനശ്രമങ്ങളിലും നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് അംഗീകാരം.
ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ളയുടെ മുത്തശ്ശൻ തമിഴ്നാട്ടിൽ നിന്ന് കരാർ തൊഴിലാളിയായാണ് ദക്ഷിണാഫ്രിക്കയിലെത്തിയത്. നെറ്റാൽ സർവകലാശാലയിൽ നിന്ന് ബി.എ, എൽ.എൽ.ബി ബിരുദങ്ങളും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് എൽ.എൽ.എം ബിരുദവും നേടിയ അവർ 1988-ൽ നിയമത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി. ദക്ഷിണാഫ്രിക്കയിലെ ഹൈക്കോടതിയിൽ ജഡ്ജിയായ ആദ്യ വെള്ളക്കാരിയല്ലാത്ത വനിതയെന്ന ചരിത്രനേട്ടവും അവർക്കുണ്ട്.
ആഗോളതലത്തിൽ നിരവധി നിർണായക ചുമതലകൾ നവി പിള്ള വഹിച്ചിട്ടുണ്ട്. 2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിച്ചു. റുവാണ്ടൻ വംശഹത്യയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിച്ച അന്താരാഷ്ട്ര ക്രിമിനൽ ട്രിബ്യൂണലിന്റെ അധ്യക്ഷയായും, മ്യാന്മറിലെ റോഹിങ്ക്യൻ വംശഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ച അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയായും അവർ പ്രവർത്തിച്ചു. ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശ വിഷയം പരിശോധിച്ച യുഎൻ അന്വേഷണ കമ്മീഷന്റെ അധ്യക്ഷയായിരുന്നു.
അതേസമയം, സമാധാനത്തിനുള്ള നൊബേൽ തനിക്ക് ലഭിച്ചില്ലെങ്കിൽ അത് നിർണയ സമിതിക്ക് നാണക്കേടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. മനുഷ്യാവകാശ പോരാട്ടങ്ങളിലെ സുപ്രധാന ഇടപെടലുകളാണ് നവി പിള്ളയെ ഉയര്‍ന്ന നേടത്തിന് അർഹയാക്കിയത്.