‘772 വോട്ടർമാരുള്ള ബൂത്തിൽ ബിജെപിക്ക് 909 വോട്ട്’; റജിനഗറിലെ വോട്ടുകൊള്ള തുറന്നുകാട്ടി അഭിഷേക് ബാനർജി
കൊൽക്കത്ത: വോട്ടുകൊള്ള ആരോപണങ്ങളിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ശക്തമാകുന്നതിനിടെ, ക്രമക്കേടുകളുടെ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് തൃണമൂൽ കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പ് പൂർത്തിയായ റജിനഗറിൽ വൻതോതിൽ വോട്ടുകൊള്ള നടന്നുവെന്ന ഗുരുതര ആരോപണവുമായാണ് തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി രംഗത്തെത്തിയത്.
റജിനഗറിലെ 109-ാം നമ്പർ ബൂത്തിൽ ആകെ രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുടെ എണ്ണം 772 മാത്രമാണെന്നും എന്നാൽ ഇവിടെ ബിജെപി സ്ഥാനാർത്ഥി 909 വോട്ടുകൾ നേടിയതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നതെന്നും അഭിഷേക് ബാനർജി എക്സിൽ കുറിച്ചു. ഈ തെരഞ്ഞെടുപ്പ് കണക്ക് വിശദീകരിക്കാൻ ഉത്തരകൊറിയ പോലും ബുദ്ധിമുട്ടുമെന്നും അദ്ദേഹം പരിഹസിച്ചു.
“ശ്രീ ഗ്യാനേഷ് കുമാർ, ഒരു ബൂത്തിൽ നിന്ന് ഒരു പാർട്ടിക്ക് അതിലെ മുഴുവൻ വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതൽ വോട്ടുകൾ എങ്ങനെ ലഭിക്കും?” എന്ന് എക്സിലെ കുറിലൂടെ അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്തുകൊണ്ടാണ് അഭിഷേക് ബാനർജി ഈ ചോദ്യമുന്നയിച്ചത്.
റജിനഗർ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഫലങ്ങൾ പുറത്തുവരുന്നതിന് പിന്നാലെയാണ് ഇലക്ഷൻ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നിലപാട് കടുപ്പിച്ചിരിക്കുന്നത്.