പ്രതിഷേധക്കടലായി രാജ്യതലസ്ഥാനം; ഗ്യാനേഷിനെതിരെ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ച് രാഹുൽ ഗാന്ധി
രാഹുൽ ഗാന്ധി
ന്യൂഡൽഹി: എസ്ഐആർ വഴി വോട്ടർമാരെ ഒഴിവാക്കിയെന്നും ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഹരജി നൽകി. എസ്ഐആർ നടപടികൾ ഉടനടി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് വേണ്ടി അഭിഭാഷകരാണ് ഹരജി ഫയൽ ചെയ്തത്. ഹരജി നാളെ പരിഗണിക്കും.
നേരത്തെ ഈ വിഷയത്തിൽ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് രാഹുൽ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും സമാനമായ വിഷയങ്ങൾ കോടതിയുടെ പരിഗണനയിലുള്ളതിനാൽ കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നു. ഹരജി നൽകാൻ സ്വാതന്ത്ര്യമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട കേസുകൾ ഒക്ടോബർ 13ന് പരിഗണിക്കുമ്പോൾ രാഹുൽ ഗാന്ധിയുടെ ഹരജിയും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തുടർന്നാണ് രാഹുൽ ഗാന്ധി റിട്ട് ഹരജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.
അതിനിടെ ഗ്യാനേഷ് കുമാറിനെതിരെ ഇൻഡ്യ സഖ്യത്തിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച സുപ്രീം കോടതി മാർച്ച് പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇൻഡ്യ സഖ്യ നേതാക്കളും എംപിമാരും പ്രത്യേകം സജ്ജമാക്കിയ ബസിലാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തുന്നത്. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിന്ന് റാഫി മാർഗിൽക്കൂടി അശോക മാർഗ് കടന്ന് സുപ്രീം കോടതിയിൽ എത്തിച്ചേരുന്ന രീതിയിലാണ് മാർച്ച് ക്രമീകരിച്ചിരിക്കുന്നത്. കനത്ത സുരക്ഷാവലയത്തിലാണ് രാജ്യതലസ്ഥാനം. ബാരക്കമ്പയിൽ എത്തുന്ന എംപിമാരെ ബാരിക്കേഡ് വച്ച് തടയാനാണ് പോലീസിന്റെ തീരുമാനം. ആയിരക്കണക്കിന് പ്രവർത്തകരാണ് ബാരക്കമ്പയിൽ തടിച്ചുകൂടിയിരിക്കുന്നത്.