19/10/2026
[fontresizer_tawhidurrahmandear_widget]

‘രാഹുൽ ഗാന്ധി പിടിച്ചുതള്ളി, കാൽമുട്ടും വയറും നിലത്തടിച്ചു’: ആരോപണവുമായി ഗർഭിണിയായ മാധ്യമപ്രവർത്തക, നിഷേധിച്ച് കോൺഗ്രസ്

 ‘രാഹുൽ ഗാന്ധി പിടിച്ചുതള്ളി, കാൽമുട്ടും വയറും നിലത്തടിച്ചു’: ആരോപണവുമായി ഗർഭിണിയായ മാധ്യമപ്രവർത്തക, നിഷേധിച്ച് കോൺഗ്രസ്

ന്യൂഡൽഹി: സുപ്രീം കോടതി പരിസരത്തുണ്ടായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ തള്ളിമാറ്റിയെന്നും വീഴ്ചയിൽ പരിക്കേറ്റെന്നും ആരോപിച്ച് ഗർഭിണിയായ മാധ്യമപ്രവർത്തക രംഗത്ത്. വൺഇന്ത്യ ന്യൂസിലെ മാധ്യമപ്രവർത്തക റിച്ച പരാശറാണ് രാഹുലിനെതിരെ ആരോപണമുയർത്തിയത്. സംഭവത്തിന് പിന്നാലെ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റിച്ചയെ ബിജെപി നേതാക്കൾ സന്ദർശിച്ചു.

പ്രതികരണത്തിനായി മൈക്ക് നീട്ടിയപ്പോൾ രാഹുൽ ഗാന്ധി മാറിനിൽക്കാൻ ആവശ്യപ്പെടുകയും തുടർന്ന് കയ്യിൽ പിടിച്ച് തള്ളിമാറ്റുകയുമായിരുന്നുവെന്ന് റിച്ച പറഞ്ഞു. ഇതിനിടെ പടികളിലേക്ക് കമിഴ്ന്നടിച്ചുവീണ തന്റെ മേലേക്ക് ക്യാമറമാൻ ഉൾപ്പെടെയുള്ളവർ വീണതായും വയറിനും കാൽമുട്ടിനും ആഘാതമേറ്റതായും അവർ വ്യക്തമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ റിച്ച സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ, ആരോപണം ബിജെപിയുടെ വ്യാജപ്രചാരണവും നാടകവുമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. മാധ്യമപ്രവർത്തകയുടെ വാദങ്ങളിൽ പൊരുത്തക്കേടുണ്ടെന്ന് കോൺഗ്രസ് നേതാവ് അൽക ലാംബ ചൂണ്ടിക്കാട്ടി. ഉച്ചയ്ക്കുശേഷം സംഭവം നടന്നുവെന്ന് പറയുമ്പോഴും രാത്രി 8.30-നാണ് ആശുപത്രിയിൽ പോയതെന്നും ഗർഭകാലത്ത് ചെയ്യാത്ത എക്സ്-റേ പരിശോധന നടത്തിയെന്നും ലാംബ പറഞ്ഞു. സംഭവസമയത്തെ ദൃശ്യങ്ങളിൽ രാഹുൽ ഗാന്ധി മാധ്യമപ്രവർത്തകയെ തള്ളിയിട്ടതായി കാണുന്നില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോകളും കോൺഗ്രസ് നേതാക്കൾ പങ്കുവെച്ചിട്ടുണ്ട്.

Also read: